സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നതു പുരുഷന്മാരെ ആകര്ഷിക്കാനല്ലെന്നും ഇവര്‍ പ്രകോപനപരമായി വസ്ത്രം ധരിച്ചാല്‍ പോലും അതു പുരുഷനു ലൈംഗികാതിക്രമത്തിനുള്ള ലൈസന്‍സല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമക്കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിലെ വിവാദ പരാമര്‍ശം നീക്കി ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരാതിക്കാരി പ്രകോപനപരമായി വസ്ത്രം ധരിച്ചിരുന്നതിനാല്‍ ലൈംഗികാതിക്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നു കോഴിക്കോട് അഡി. സെഷന്‍സ് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമര്‍ശം നീക്കണമെന്നും പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു സര്‍ക്കാരും പരാതിക്കാരിയും നല്കിയ ഹര്‍ജികളാണ് പരിഗണിച്ചത്. പ്രതിയുടെ പ്രായം കണക്കിലെടുത്തു മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്നു വ്യക്തമാക്കി സിംഗിള്‍ബെഞ്ച് വിധി പറഞ്ഞെങ്കിലും വിധിന്യായത്തിന്റെ വിശദാംശങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്.
വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകളെ തരംതാഴ്ത്തുന്നത് അംഗീകരിക്കാനാവില്ല. ഇര പ്രകോപനപരമായി വസ്ത്രം ധരിച്ചുവെന്നതു ലൈംഗികാതിക്രമക്കുറ്റം ഒഴിവാക്കാന്‍ കാരണമല്ല. ഏതു വസ്ത്രവും ധരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇരയുടെ വസ്ത്രം, സ്വഭാവം, മുന്‍കാല സ്വഭാവം തുടങ്ങിയവ ഇത്തരം കേസുകളിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ പരിഗണിക്കരുതെന്ന് അപര്‍ണ ഭട്ട് കേസില്‍ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട് – സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. 2020 ഫെബ്രുവരി എട്ടിന് ഒരു സാംസ്കാരിക ക്യാമ്പിനു ശേഷം പരാതിക്കാരി കടല്‍ത്തീരത്തു വിശ്രമിക്കുമ്പോള്‍ സിവിക് ചന്ദ്രന് കടന്നു പിടിച്ചെന്നാണ് പരാതി.