വലിയ വിഭാഗം മലയാളികളുടെ ഭക്ഷണശീലത്തിന്റെ ഭാഗമായ ചപ്പാത്തിക്കും ഇനി ചെലവേറും. അരിവില ഉയർന്നതിനു പിന്നാലെ ഗോതന്പിന്റെയും ആട്ടയുടെയും വില കുതിച്ചുയർന്നു. പൊതുവിപണിയിൽ ആട്ടയുടെ വില കിലോയ്ക്ക് 52 മുതൽ 60 രൂപ വരെയെത്തി. ഒരു മാസത്തിനിടെ പത്തു രൂപയിലധികമാണ് വർധന. ചില ബ്രാൻഡഡ് കന്പനികളുടെ ആട്ടയ്ക്ക് വില 80 രൂപയ്ക്കു മുകളിലാണ്.
ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ വർധിച്ചതും ഗോതന്പിന്റെ വിലവർധനയ്ക്കു കാരണമായിട്ടുണ്ട്. ഗോതന്പിനു കിലോയ്ക്ക് അന്പതിനു മുകളിലാണ് വില. പാക്കറ്റുകളിലാക്കി എത്തുന്ന വിവിധ നിലവാരമുള്ള ഗോതന്പിന്റെ വില കിലോയ്ക്ക് 50-55 രൂപയാണ്. അഞ്ചു കിലോയുടെ പാക്കറ്റിന്റെ വില 260-280 രൂപയിലെത്തി. വിപണിയിൽ ഗോതന്പിനു ക്ഷാമം നേരിടുന്നതിന്റെ സൂചനകളും പ്രകടമാണ്. ചില ഹോട്ടലുകളിൽ ചപ്പാത്തിക്ക് വില വർധിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആട്ട ഉൾപ്പെടെയുള്ളവ ഉത്പാദിപ്പിക്കുന്ന മില്ലുകൾക്ക് വിവിധ സംസ്ഥാനങ്ങളിൽനിന്നു ഗോതന്പ് എത്തുന്നുണ്ട്. എന്നാൽ അധിക വിലയ്ക്ക് ഗോതന്പു വാങ്ങേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നു കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വർക്കി പീറ്റർ പറഞ്ഞു. അരിയുടെയും ഗോതന്പിന്റെയും കാര്യത്തിൽ നവംബർവരെയെങ്കിലും നിലവിലെ സ്ഥിതി തുടരുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മേയിൽ ഗോതന്പിന്റെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള കാരണങ്ങളാൽ അന്താരാഷ്ടവിപണിയിൽ ആവശ്യം വർധിച്ചതിന്റെയും ഉത്പാദനം കുറഞ്ഞതിന്റെയും പശ്ചാത്തലത്തിൽ ആഭ്യന്തര വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാനായിരുന്നു കയറ്റുമതി നിരോധനം. എന്നിട്ടും വിലക്കയറ്റമുണ്ടായതു ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാണെന്നതിന്റെ സൂചനയിലേക്കാണു വിരൽചൂണ്ടുന്നതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റേഷൻ ആട്ട നിലച്ചിട്ട് അഞ്ചു മാസം
നീല, വെള്ള കാർഡുടമകൾക്കു റേഷൻ കടവഴി നൽകിയിരുന്ന ആട്ട നിലച്ചിട്ട് അഞ്ചു മാസമായി. അടുത്ത മാസവും ഈ വിഭാഗങ്ങൾക്ക് ആട്ട കിട്ടില്ല. കിലോയ്ക്ക് 17 രൂപ നിരക്കിലാണ് നേരത്തേ ആട്ട ലഭിച്ചിരുന്നത്. അന്ത്യോദയ, ബിപിഎൽ വിഭാഗങ്ങൾക്ക് ഒാരോ കിലോ വീതം ഗോതന്പും ആട്ടയും കഴിഞ്ഞ മാസം നൽകി.