കണ്ണൂർ: വിനോദയാത്രയ്ക്കായി വാഹനം ബുക്ക് ചെയ്യുന്നവര്‍ അക്കാര്യം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കണ്ണൂര്‍ ശിക്ഷക് സദന് ഓഡിറ്റോറിയത്തില്‍ വാഹനീയം 2022 ജില്ലാതല പരാതിപരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിനോദയാത്രാ വാഹനം വകുപ്പുദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്കിയതിനുശേഷമേ യാത്ര പുറപ്പെടാവൂ. ഓരോ ജില്ലയിലും നിശ്ചിത വാഹനങ്ങളുടെ ഉത്തരവാദിത്വം നിശ്ചിത ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചു നല്‍കുകയാണ്. അത്തരം വാഹനങ്ങളില്‍ നിയമലംഘനമുണ്ടായാല്‍ വാഹന ഉടമയ്ക്കൊപ്പം ചുമതലയുള്ള ഉദ്യോഗസ്ഥനെതിരേയും നിയമനടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പാര്‍ക്കിംഗ്, സിഗ്നല്‍, ബ്രേക്ക് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത ഒരു വാഹനവും റോഡിലിറങ്ങാന്‍ അനുവദിക്കില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ കൊണ്ടാണ് വാഹനസാന്ദ്രതയേറിയിട്ടും കേരളത്തില്‍ വാഹനാപകടങ്ങള്‍ കുറയാന്‍ കാരണം. അമിത വേഗതാ മുന്നറിയിപ്പ് തത്സമയം വാഹന ഉടമയെ അറിയിക്കുന്ന സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ബസിന്റെ വേഗത സംബന്ധിച്ച് രണ്ടു തവണ മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിയമം ലംഘിക്കാനുള്ള പ്രവണത ചെറുപ്പക്കാര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഇരുചക്രവാഹന പരിശോധന ശക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഉയര്‍ന്ന സിസിയുളള 103 ബൈക്കുകളാണ് കസ്റ്റഡിയിലെടുത്തത്. നിയമലംഘകരോട് യാതൊരു വിട്ടുവീഴ്ചയുമില്ല. യൂണിഫോം കളര്‍ കോഡ് നിര്‍ബന്ധമാക്കും. വെള്ള നിറം പൂശാത്ത ഒരു ടൂറിസ്റ്റ് ബസിനും റോഡിലിറങ്ങാന്‍ കഴിയില്ല. സ്പീഡ് ഗവേര്‍ണര്‍ ഒഴിവാക്കിക്കൊടുക്കുന്ന വര്‍ക്ക്ഷോപ്പ് ഉടമകള്‍ക്കും ഡീലര്മാര്ക്കുമെതിരേ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ കെ.വി. സുമേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
റോഡ് നിയമത്തെക്കുറിച്ച് പാഠപുസ്തകം
പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി റോഡ് നിയമം സംബന്ധിച്ച പാഠപുസ്തകം തയാറാക്കി വിദ്യാഭ്യാസ വകുപ്പിന് നല്‍കിക്കഴിഞ്ഞതായി ഗതാഗതമന്ത്രി. ഇത് പാഠ്യപദ്ധതിയുടെ ഭാഗമായാല്‍ പിന്നീട് പ്ലസ് ടു പാസാകുന്നവര്‍ ലേണേഴ്സ് ടെസ്റ്റ് എഴുതേണ്ടതില്ല. ഇത്തരത്തില്‍ സംസ്ഥാനത്ത് റോഡ് അച്ചടക്കശീലം സൃഷ്ടിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.