രണ്ട് വർഷത്തിലേറെ നിർമാണപ്പഴക്കം തോന്നിക്കുന്ന അലക്കുകല്ലിന് നാലഞ്ച് അടി മാത്രം അകലെയാണ് കൊല്ലപ്പെട്ട റോസ്ലിയുടെ മൃതദേഹം മറവുചെയ്ത കുഴി. ഈസാഹചര്യത്തിൽ അലക്കുകല്ലിനടിയിൽ മൃതദേഹ അവശിഷ്ടങ്ങൾ കുഴിച്ചിട്ടിട്ടുണ്ടോയെന്ന സംശയം ഉയരുന്നു. അലക്കുകല്ല് പൊളിച്ചു പരിശോധിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്.സ്ഥലത്തുള്ള പൊലീസിനും ഇതു സംബന്ധിച്ച് സംശയങ്ങളുണ്ട്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. സാധാരണ വീടുകളോട് ചേർന്ന് ഇതുപോലെ വലിയ അലക്കു കല്ലുകൾ നിർമിച്ചിട്ടുള്ളത് അപൂർവമാണ്. ചോദ്യം ചെയ്യലിൽ ഭഗവൽ സിംഗ് പറഞ്ഞ രണ്ട് സ്ഥലങ്ങളിൽ കുഴിയെടുത്താണ് മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തത്.
കൂടുതൽ സ്ഥലങ്ങളിൽ മൃതദേഹങ്ങൾ ഉണ്ടോയെന്നറിയാൻ നായകളെ മണപ്പിച്ച് നടത്തിയ പരിശോധനയിൽ അസ്വാഭാവികത പ്രകടിപ്പിച്ച മൂന്ന് സ്ഥലങ്ങളിൽ മണ്ണ് നീക്കി നോക്കിയിരുന്നു. ഇവിടെ യന്ത്രം ഉപയോഗിച്ച് മണ്ണിളക്കാൻ തീരുമാനിച്ചാൽ അലക്കുകല്ലും പൊളിച്ചു നോക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.മണ്ണുറപ്പില്ലാതെ ചെമ്പകംഭഗവൽസിംഗിന്റെ വീട്ടുമുറ്റത്ത് തെക്കു പടിഞ്ഞാറ് മൂലയ്ക്കായി ഒരു ചെമ്പകത്തൈയുണ്ട്. ഏകദേശം രണ്ട് വർഷത്തെ വളർച്ച കാണിക്കുന്ന ചെമ്പകത്തിന്റെ ചുവട്ടിലെ മണ്ണിന് ഉറപ്പില്ല. സ്ഥലപരിശോധനയ്ക്കിടെ ഇവിടെ കമ്പിപ്പാര താഴ്ത്തിയപ്പോൾ ഇതു തെളിഞ്ഞതാണ്. എന്നാൽ, ചെമ്പകം ഇളക്കി അടിയിൽ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിച്ചില്ല. ഇവിടെയും കുഴിച്ച് പരിശാേധിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്.