പത്തനംതിട്ട∙ വഴിയരുകിൽ ഉപേക്ഷിച്ച നിലയിൽ നോട്ടുകൾ നിറഞ്ഞ ചാക്കും പുത്തൻ സെറ്റ് സാരിയും. പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളുടെ അതിർത്തിയിൽ പരുവേലി തോടിന്റെ കലുങ്കിനു സമീപമാണു പ്ലാസ്റ്റിക് ചാക്കിൽ നോട്ടുകൾ കണ്ടെത്തിയത്. 10, 20, 50, 100 നോട്ടുകളാണു ചാക്കിലുണ്ടായിരുന്നത്.
തൊട്ടടുത്തായി കവർ പൊട്ടിക്കാത്ത സെറ്റ്സാരിയും കണ്ടെത്തി. പത്തനംതിട്ട പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കോന്നിയിലെ ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നു വാങ്ങിയ സാരിയാണെന്നു കണ്ടെത്തിയിട്ടുണ്ട്. രാവിലെ എട്ടരയോടെ പ്രദേശവാസികളായ സ്ത്രീകളാണു പണമടങ്ങിയ ചാക്ക് കണ്ടത്.
സാരി കണ്ടു നോക്കിയപ്പോൾ ചാക്കിലായി പണം കണ്ടെത്തുകയായിരുന്നു. അതേ സമയം ഈ വഴി രാവിലെ നടക്കാൻ പോയവരാരും പണം കണ്ടിരുന്നില്ല. മദ്യകുപ്പികളും മാലിന്യവും പതിവായി ഉപേക്ഷിക്കുന്ന സ്ഥലമാണ്് ഇവിടെ. ഇതിനടുത്തായാണു സാരിയും പണവും കണ്ടെത്തിയത്.
പത്തനംതിട്ട പൊലീസ് ഡോഗ് സ്ക്വാഡിന്റെയും ഫോറൻസിക് വിദഗ്ധരുടെയും സഹായം തേടിയിട്ടുണ്ട്. എസ്എച്ച്ഒ ജോബി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ട്. മോഷണ മുതലാണെന്ന സംശയത്തിലാണു പൊലീസ്. കോന്നി എൻഎസ് ടെക്സ്റ്റൈൽസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.