ഇരിട്ടി: ബി ജെ പി പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം പുനരധിവാസമേഖലയിലെ ആദിവാസി കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞങ്ങൾ നിങ്ങളോടൊപ്പം ദ്വിദിന സഹവാസ സമരസംഗമം 18 ,19 തീയതികളിൽ ആറളം ഫാമിൽ നടക്കും. വളയംചാലിൽ നടക്കുന്ന സമരസംഗമം 18 ന് രാവിലെ 10 ന് ബി ജെ പി സംസ്ഥാന ജനറൽ സിക്രട്ടറി എം.ടി. രമേശ് ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന – ജില്ലാ നേതാക്കൾ ഒരു രാവും രണ്ടു പകലുമായി നടക്കുന്ന സഹവാസ സമര സംഗമത്തിൽ പങ്കെടുക്കും. ആറളം പുനരധിവാസ മേഖലയിലെ അടക്കം മൂവായിരത്തോളം വരുന്ന ആദിവാസികൾ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകും. 18ന് രാത്രി മുഴുവൻ ആദിവാസികൾക്കൊപ്പം സമരവേദിയിൽ കഴിയുന്ന ബിജെപി നേതാക്കൾക്കുമുന്നിൽ ആദിവാസി കലാരൂപങ്ങൾ അടക്കമുള്ള വിവിധ പരിപാടികളുടെ അവതരണവും നടക്കും. 19 ന് വൈകുന്നേരം നടക്കുന്ന സമാപന പരിപാടി ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്‌ഘാടനം ചെയ്യും.
കഴിഞ്ഞ 8 വർഷത്തിനിടെ പതിനൊന്നോളം പേരാണ് ആറളം ഫാമിൽ കാട്ടാന അക്രമത്തിൽ മരണമടഞ്ഞത്. എന്നാൽ ഇവിടുത്തെ കാട്ടാന അക്രമ ഭീഷണി നേരിടാൻ ഇടതു – വലത് മുന്നണികൾ അലംഭാവം കാണിക്കുകയാണ്. പാവപ്പെട്ട ആദിവാസികളെ കാട്ടാനകൾക്കു മുന്നിലിട്ടുകൊടുത്തുകൊണ്ട് ഇവർ പ്രഹസന നാടകം കളിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുനരധിവാസ മേഖലയായ ആറളം ഫാമിലെ വന്യജീവി പ്രശ്ങ്ങൾ അടക്കം ഇവിടുത്തെ ആദിവാസികളുടെ ദുരിതപൂർണ്ണമായ ജീവിതം ദേശീയ തലത്തിൽ തന്നെ ഉയർത്തി കൊണ്ടുവരുവാനുള്ള ബി ജെ പി ശ്രമത്തിന്റെ ആദ്യ പടിയാണ് ഈ സഹവാസ സമരമെന്ന് ബി ജെ പി ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ്, സംസ്ഥാന സമിതി അംഗം വി. വി. ചന്ദ്രൻ, ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി, ജനറൽ സിക്രട്ടറി പ്രിജേഷ് അളോറ എന്നിവർ പറഞ്ഞു