ഇരിട്ടി: വള്ളിത്തോട് – മണത്തണ മലയോര ഹൈവേ വീതികൂട്ടി നവീകരിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ ധാരണ. സണ്ണിജോസഫ് എം എൽ എ വിളിച്ചുചേർത്ത മേഖലയിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. 25.3 കിലോമീറ്റർ വരുന്ന ഹൈവേയുടെ നവീകരണത്തിനായി 53 കോടിരൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഹൈവേയുടെ ഭാഗമായി വരുന്ന ആനപ്പന്തി, വെമ്പുഴ, പാലപ്പുഴചന്തോട് പാലങ്ങളുടെ നിർമ്മാണവും ഇതോടൊപ്പം പൂർത്തിയാക്കും. നേരത്തെ ഹൈവേ നിർമ്മിച്ചപ്പോൾ വീതി കുറഞ്ഞ മൂന്ന് പാലങ്ങളും പുനർ നിർമ്മിക്കാത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
നിലവിലുള്ള റോഡ് 12 മീററർ വീതിയിൽ വികസിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം റോഡിന്റെ ഇരു വശങ്ങളിലുമുള്ളവർ സൗജന്യമായി വിട്ടുനൽകണം. നിലവിൽ റോഡിന്റെ പലഭാഗങ്ങളിലും 11 മീറ്ററിലധികം വീതിയുണ്ട്. 12 മീറ്റർ വീതിയിൽ ഒമ്പത് മീറ്റർ ടാറിംങ്ങും ഒന്നര മീറ്റർ വീതം റോഡിന്റെ ഇരുഭാഗത്തുമായി കാൽ നട യാത്രക്കുള്ള സൗകര്യവുമാണ്. ആവശ്യമായ സ്ഥലങ്ങളിൽ വീതികൂട്ടുന്നതിന് സ്ഥലം വിട്ടുകിട്ടുന്നതിനായി അതാത് മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ എന്നിവരടങ്ങിയ പ്രദേശിക കമ്മിറ്റികൾ രൂപ വത്ക്കരിക്കാനും യോഗത്തിൽ ധാരണയായി. 18 മാസംകൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാണ് തീരുമാനം. യോഗത്തിൽ എം എൽ എയ്ക്ക്പുറമെ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വേലായധൻ (ഇരിട്ടി), കെ.സുധാകരൻ (പേരാവൂർ), ഗ്രാമപഞ്ചായത്ത്പ്രസിഡന്റുമാരായ കുര്യാച്ഛൻ പൈമ്പള്ളി കുന്നേൽ ( അയ്യൻകുന്ന്), കെ.പി. രാജേഷ് (ആറളം), ടി.ബിന്ദു (മുഴക്കുന്ന്), അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത്, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ റോജ എന്നിവരും സംസാരിച്ചു.
previous post