മാവോയിസ്റ്റ് കേസില്‍ പ്രഫസര്‍ ജി.എന്‍. സായിബാബ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. വിശദമായ വാദം കേള്‍ക്കേണ്ട കേസാണിതെന്ന് കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി കേസിന്റെ മെറിറ്റിലേയ്ക്ക് കടക്കാതെ കുറുക്കുവഴിയിലൂടെ തീരുമാനമെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി തത്കാലത്തേയ്ക്ക് മരവിപ്പിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്തെന്നു കാട്ടി കേസിലെ എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടീസയച്ചു. കേസില്‍ ഡിസംബര്‍ എട്ടിനു വാദം കേള്‍ക്കും.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ ജി.എന്‍. സായിബാബ ഉള്‍പ്പെടെയുള്ള പ്രതികള്‍ നിരപരാധികളെന്ന് ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. ഈ വിധിയ്ക്കെതിരെയുള്ള മഹാരാഷ്ട്ര സര്‍ക്കാലിന്റെ അപ്പീലിലാണ് സുപ്രീംകോടതി വിധി.
ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസറായ സായിബാബ ശാരീരിക അസ്വസ്ഥതകള്‍ മൂലം ചക്രക്കസേര ഉപയോഗിക്കുന്ന വ്യക്തിയാണ്. കേസിലെ മറ്റ് പ്രതികളായ മഹേഷ് ടിര്‍ക്കി, ഹേം മിശ്ര, പ്രശാന്ത് രാഹി, വിജയ് ടിര്‍ക്കി എന്നിവര്‍ക്കൊപ്പം നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സായിബാബയെ പാര്‍പ്പിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ പി.പി. നരോട്ടെ വിചാരണ കാലയളവില്‍ മരണപ്പെട്ടിരുന്നു.