കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കി.
നിലവിൽ പതിച്ചിട്ടുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കളർ കോഡിൽ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യവും ഹൈക്കോടതി തള്ളി. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പരസ്യങ്ങൾ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതായും ഇത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം ടൂറിസ്റ്റ് ബസുകളുടെ കളർകോഡ് കർശനമായി നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഫിറ്റ്നസ് പരിശോധന സമയത്തിനകം കളർകോഡ് നടപ്പാക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ തീരുമാനം വേഗത്തിൽ നടപ്പാക്കുന്നത് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണെന്നും മന്ത്രി പറഞ്ഞു.