വനനശീകരണവും മലിനീകരണവും മൂലം അര നൂറ്റാണ്ടിനിടെ ലോകത്തെ വന്യജീവി ജനസംഖ്യയിൽ 69% കുറവ് രേഖപ്പെടുത്തിയതായി വേൾഡ് വൈൽഡ്ലൈഫ് ഫണ്ട്(ഡബ്ല്യുഡബ്ല്യുഎഫ്).
1970 മുതൽ 2018 വരെയുള്ള കാലഘട്ടത്തിലെ 5,230 ജീവിവർഗങ്ങളുടെ കണക്ക് പരിശോധിച്ചാണ് ഡബ്ല്യുഡബ്ല്യുഎഫ് ഈ വിവരം പുറത്തുവിട്ടത്. തെക്കൻ അമേരിക്കയിലും കരീബിയൻ പ്രദേശത്തും വന്യജീവി ജനസംഖ്യയിൽ 94% കുറവ് രേഖപ്പെടുത്തിയപ്പോൾ ആഫ്രിക്ക, ഏഷ്യാ പസിഫിക്ക് മേഖലകളിൽ ഇത് യഥാക്രമം 66%, 54% എന്നിങ്ങനെയായിരുന്നു.
ശുദ്ധജലജീവികളുടെ എണ്ണത്തിൽ 50% കുറവാണ് ഈ കാലഘട്ടത്തിൽ രേഖപ്പെടുത്തിയത്. ആമസോൺ പിങ്ക് റിവർ ഡോൾഫിൻ, ഓഷ്യാനിക് സ്രാവ് എന്നീ ജീവികൾ കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഘട്ടത്തിലാണ്.
കണക്കുകൾ അപായത്തിന്റെ കടുംചുവപ്പ് വെളിച്ചമാണ് കാട്ടിത്തരുന്നതെന്ന് ഡബ്ല്യുഡബ്ല്യുഎഫ് ഡയറക്ടർ മാർക്കോ ലംബേർട്ടിനി പ്രസ്താവിച്ചു. ആവാസവ്യവസ്ഥ സംരക്ഷിക്കാനും ജീവിവർഗങ്ങളെ സംരക്ഷിക്കാനും രാജ്യങ്ങൾ പ്രഥമ പരിഗണന നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു.