ഇലന്തൂര്‍ നരബലിക്കേസിലെ മൂന്നു പ്രതികളെയും 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ടാണ് പ്രതികളെ ഈ മാസം 24 വരെ കസ്റ്റഡിയില്‍ വിട്ടത്.
കസ്റ്റഡി അപേക്ഷയില്‍ വലിയ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളി കേസിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുവരേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണ് എന്നതടക്കമുള്ള പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
കേസിലെ ഒന്നാംപ്രതിയായ ഷാഫി കൊടുംകുറ്റവാളിയാണെന്നും വിശദമായി തന്നെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഷാഫി പറയാന്‍ മടിക്കുകയാണെന്നും സൈബര്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ വിശദമായ ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. ഈ പശ്ചാത്തലമെല്ലാം കണക്കിലെടുത്താണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട 12 ദിവസത്തെയും കസ്റ്റഡി കോടതി അനുവദിച്ച് നല്‍കിയത്.
ഇതിനിടെ പ്രതിഭാഗം അഭിഭാഷകന്‍ ആളൂരിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടാല്‍ എല്ലാ ദിവസവും കാണാന്‍ അനുവദിക്കണമെന്ന ആളൂരിന്റെ ആവശ്യമാണ് കോടതിയെ പ്രകോപിപ്പിച്ചത്. കോടതിക്ക് മേല്‍ അഭിഭാഷകന്‍ നിര്‍ദേശം വയ്‌ക്കേണ്ടെന്ന് കോടതി താക്കീത് നല്‍കുകയായിരുന്നു.