ദുര്‍മന്ത്രവാദത്തിനെതിരെ അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്ല് പാസാക്കാനൊരുങ്ങി സര്‍ക്കാര്‍. വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ആഭ്യന്തര-നിയമവകുപ്പുകള്‍ ഇന്നു യോഗം ചേരും.
പരിഷ്കൃത സമൂഹത്തിനു ചേരാത്ത ദുര്‍മന്ത്രവാദം പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. നേരത്തെ ഇതു സംബന്ധിച്ച് നിയമപരിഷ്കരണ കമ്മീഷന് ബില്ല് സമർപ്പിച്ചിരുന്നു.
എന്നാൽ ഈ ബില്ല് പൂര്‍ണമായി നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. പരമ്പരാഗതമായി നടക്കുന്ന ചില ആചാരനുഷ്ഠാനങ്ങള്‍ ഈ ബില്ലിനു കീഴില്‍ വരുന്നത് സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഭക്തിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പുകളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പുതിയ ബില്ല് കൊണ്ടുവരാനാണ് നീക്കം.
നിയമസഭയില്‍ ഈ വിഷയത്തില്‍ നേരത്തെ വന്നിട്ടുള്ള സ്വകാര്യ ബില്ലുകള്‍ പരിശോധിക്കും. മുന്‍ഡിജിപി എ.ഹേമചന്ദ്രന് തയാറാക്കിയ നിയമത്തിന്റെ കരടും സര്‍ക്കാരിന്റെ കൈവശമുണ്ട്.
ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാകും ബില്ലിന്റെ കരട് തയാറാക്കുക.