ശുചിത്വസുന്ദര നഗരമാവാനൊരുങ്ങി തലശ്ശേരി. ഇതിന്റെ മുന്നോടിയായി എം.ജി റോഡ് പൊടിപടല മുക്തമാക്കുന്ന പ്രവൃത്തി ആരംഭിച്ചു. മാലിന്യമുക്ത നഗരപാത എന്ന ലക്ഷ്യവുമായാണ് 485 മീറ്റർ റോഡ് നവീകരിക്കുന്നത്.
പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയം മുതൽ ഗവ. ജനറൽ ആശുപത്രിവരെയാണ് നവീകരണം. ഇതിനായി സംസ്ഥാന സർക്കാറിന്റെ അഗ്ലോമറേഷൻ ഫണ്ടിൽനിന്ന് 1.75 കോടിയും തുറമുഖ വകുപ്പ് ഫണ്ടിൽനിന്ന് 2.50 കോടിയും വിനിയോഗിക്കും.
പ്രവൃത്തി പൂർത്തിയാകുന്നതോടെ മാലിന്യവും പൊടിപടലവും ഇല്ലാത്ത മാതൃകാറോഡായി ഇത് മാറും. മിഠായി കടലാസ് പോലും അലക്ഷ്യമായി വലിച്ചെറിയാതിരിക്കാൻ ഓരോ 10 മീറ്ററിലും പ്രത്യേക മാതൃകയിലുള്ള ചവറ്റുകൊട്ടകൾ സ്ഥാപിക്കും. നഗരസഭയുടെ ശുചിത്വ തൊഴിലാളികൾ ദിനംപ്രതി വൃത്തിയാക്കും. മാസത്തിൽ ഒരിക്കൽ റോഡ് കഴുകിവൃത്തിയാക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് നഗരസഭാധ്യക്ഷ ജമുന റാണി പറഞ്ഞു.
ആദ്യഘട്ടത്തിൽ ഓവുചാലുകൾ ആഴവും വീതിയും കൂട്ടി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കുകയാണ്. മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ മൂന്നടി വീതം ആഴത്തിലും വീതിയിലുമാണ് പുതിയ ഓവുചാലുകൾ നിർമിക്കുന്നത്.
ഇത് വൃത്തിയാക്കാൻ ഓരോ അഞ്ചു മീറ്ററിലും മാൻഹോൾ സജ്ജമാക്കും. രണ്ടാം ഘട്ടത്തിൽ ജനറൽ ആശുപത്രി മുതൽ നഗരസഭ ഓഫിസ് വരെയുള്ള ഭാഗത്ത് പേവർ ഫിനിഷ്ഡ് രീതിയിൽ കോൺക്രീറ്റ് ചെയ്യും.
നിലവിലുള്ളതിൽനിന്ന് ഒരടി ഉയർത്തിയാണ് പുതിയ റോഡ് നിർമിക്കുക. ഇരുവശത്തും ടൈലുകൾ പാകിയ നടപ്പാതകളും കൈവരിയും ഒരുക്കും. 1.5 മീറ്റർ വീതിയിലാണ് നടപ്പാത ഒരുക്കുക. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ റോഡിനിരുവശത്തും തെരുവുവിളക്കുകളും അലങ്കാരച്ചെടികളും സ്ഥാപിക്കും.
ഭാവിയിൽ കോൺക്രീറ്റ് ഇളക്കിമാറ്റാതെ കേബിളുകൾ സ്ഥാപിക്കാൻ റോഡരികിൽ കേസിങ് പൈപ്പുകളും സജ്ജമാക്കും. ഓവുചാലിന്റെ പ്രവൃത്തി ഒരു മാസത്തിനുള്ളിലും മറ്റ് പ്രവൃത്തികൾ ആറു മാസത്തിനകവും പൂർത്തിയാക്കാനാണ് ലക്ഷ്യം.