500, 1000 രൂപ മൂല്യമുള്ള നോട്ടുകൾ നിരോധിച്ച നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനത്തിനെതിരെ നൽകിയ ഹർജികളിൽ വിശദവാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.
നോട്ട് നിരോധന തീരുമാനത്തിന്റെ നാൾവഴികൾ അറിയാൻ സർക്കാരിനോടും റിസർവ് ബാങ്കിനോടും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. നോട്ട് നിരോധിക്കാനുള്ള തീരുമാനം ആരാണ് എടുത്തതെന്ന് അറിയാനാണ് ഈ നീക്കം.
ഒരു പ്രത്യേക മൂല്യത്തിലുള്ള നോട്ടുകൾ മുഴുവൻ നിരോധിക്കാൻ സർക്കാരിന് അവകാശമില്ലെന്നും ഒരു സീരീസിൽപ്പെട്ടത് പിൻവലിക്കാനുള്ള അധികാരം മാത്രമാണ് ഉള്ളതെന്നുമാണ് ഹർജിക്കാർ വാദിക്കുന്നത്. ഈ വിഷയത്തിലും കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
നോട്ട് നിരോധനത്തിന് എതിരെ 2016-ൽ സമർപ്പിച്ച 58 ഹർജികൾ ഒന്നിച്ച് പരിഗണിക്കവെയാണ് കോടതി ഈ നടപടികൾ സ്വീകരിച്ചത്. കേസിൽ നവംബർ ഒന്പതിന് കോടതി വിശദവാദം കേൾക്കും.