അപകടകരമായ രീതിയിൽ ഓടിക്കുന്ന വാഹനങ്ങളുടെ വിവരം അധികൃതരെ അറിയിക്കാൻ മോട്ടോർ വാഹനവകുപ്പ് മൊബൈൽ ആപ് ഒരുക്കും. പൊതുജനങ്ങൾക്ക് ആപ്പിലൂടെ നിയമംലംഘിക്കുന്ന വാഹനങ്ങളുടെ വീഡിയോ മോട്ടോർവാഹനവകുപ്പിന് അയക്കാം. സീഡാക്കാണ് ആപ് തയ്യാറാക്കുന്നത്. ഒരു മാസത്തിനുള്ളിൽ ആപ് തയ്യാറാകുമെന്ന് മന്ത്രി ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജിപിഎസ് ഘടിപ്പിക്കാത്ത പബ്ലിക് കാരിയേജ് വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. എആർഐ അംഗീകാരമുള്ള നിർമാതാക്കളുടെ ജിപിഎസ് സംസ്ഥാനത്ത് ആവശ്യാനുസരണം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമീഷണറെ ചുമതലപ്പെടുത്തി.
ത്രിതല പരിശോധന
വാഹനങ്ങൾ ഇനി മൂന്നുതലത്തിൽ പരിശോധിക്കും. ആർടി ഓഫീസിനു കീഴിലുള്ള ഓരോ ഉദ്യോഗസ്ഥനും ആ ഓഫീസിനു കീഴിലുള്ള നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധനയുടെ ചുമതല നൽകും. ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയാകും. ഓരോ ആഴ്ചയും ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണർ തലത്തിൽ കുറഞ്ഞത് 15 വാഹനം പരിശോധിക്കും. സംസ്ഥാനതലത്തിൽ സൂപ്പർ ചെക്കിങ് ഉണ്ടാകും.
നികുതി വെട്ടിക്കാൻ ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങൾ പിടികൂടും. ഇത്തരം വാഹനങ്ങൾക്ക് കേരളത്തിലും നികുതി ഈടാക്കും. പോണ്ടിച്ചേരി, നാഗാലാൻഡ്, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്‌ത വാഹനങ്ങൾ നവംബർ ഒന്നുമുതൽ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റണം.
ലഹരിയിലാണോ, ലൈസൻസ് റദ്ദാക്കും
ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എക്സൈസ് വകുപ്പുമായി ചേർന്ന് കർശന പരിശോധന നടത്തും. ഇത്തരക്കാരുടെ ലൈസൻസ് റദ്ദാക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്‌നിങ് ആൻഡ് റിസർച്ചിൽ (ഐഡിടിആർ)വിജയകരമായി റിഫ്രഷർ ട്രെയ്‌നിങ് പൂർത്തിയാക്കിയാലേ ലൈസൻസ് പുനഃസ്ഥാപിക്കൂ.
ഉടമകൾക്ക് ആനുകൂല്യം
ഡ്രൈവർമാരുടെ മികവും അപകടരഹിതവുമായ ഡ്രൈവിങ്ങും പരിഗണിച്ച് വാഹന ഉടമകൾക്ക് ആനുകൂല്യം നൽകുന്നത് പരിശോധിക്കും. വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്താൻ സഹായിക്കുന്ന വർക്‌ഷോപ്പുകൾക്കെതിരെ നടപടിയെടുക്കും.
വടക്കഞ്ചേരി അപകടം: ബസിന് അമിത വേഗം
ടൂറിസ്റ്റ് ബസിന്റെ അമിത വേഗവും ഡ്രൈവർ ജോമോന്റെ ഗുരുതര അശ്രദ്ധയുമാണ് വടക്കഞ്ചേരിയിൽ ഒമ്പതു പേരുടെ മരണത്തിന് ഇടയാക്കിയതെന്ന് ട്രാൻസ്‌പോർട്ട് കമീഷണറുടെ റിപ്പോർട്ട്. റിപ്പോർട്ട് അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു.