24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഹിന്ദി അടിച്ചേൽപ്പിക്കൽ; കേന്ദ്രസർവീസിൽനിന്ന്‌ 
മലയാളികൾ പുറത്താകും
Kerala

ഹിന്ദി അടിച്ചേൽപ്പിക്കൽ; കേന്ദ്രസർവീസിൽനിന്ന്‌ 
മലയാളികൾ പുറത്താകും

രാജ്യത്ത്‌ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ തൊഴിലില്ലായ്‌മയെന്ന ദുരിതത്തിന്റെ ആഘാതം വർധിക്കും. കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട്‌ തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക്‌ മുന്നിൽ വലിയ ദുരിതമാണ്‌ കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്നത്‌. വിദേശത്തുൾപ്പെടെ ജോലി സാധ്യത കുറയുന്ന കാലത്താണ്‌ കേന്ദ്ര ജോലികളിൽനിന്ന്‌ ഹിന്ദി ഇതര ഭാഷക്കാർക്ക്‌ ഭ്രഷ്‌ട്‌ കൽപ്പിക്കുന്നത്‌.
റെയിൽവേ, ബാങ്കിങ്‌ റിക്രൂട്ട്‌മെന്റുകൾ, യുപിഎസ്‌സി തുടങ്ങിയ തൊഴിൽ സാധ്യത ഒട്ടനവധി മലയാളികൾക്ക്‌ അപ്രാപ്യമാവും.
രാഷ്‌ട്രഭാഷ എന്ന നിലയിൽ പാഠ്യ വിഷയമായി ഹിന്ദി പഠിക്കുന്നവരാണ്‌ മലയാളികളിൽ ഏറെയും. എന്നാൽ ഹിന്ദി ഭാഷയിൽ പ്രാവീണ്യമുള്ളവർ കുറവാണ്‌. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജോലിക്കുള്ള വിവിധ മത്സര പരീക്ഷകൾക്ക്‌ ഹിന്ദി മാധ്യമമായാൽ ജയിക്കുക പ്രയാസമാകും. ആയിരക്കണക്കിന്‌ മലയാളികളാണ്‌ ഓരോ വർഷവും വിവിധ മത്സര പരീക്ഷകൾ ജയിച്ച്‌ ജോലിയിൽ പ്രവേശിക്കുന്നത്‌. ഇവരുടെ പ്രതീക്ഷക്കുമേൽ കരിനിഴൽ വീഴ്‌ത്തുകയാണ്‌ കേന്ദ്രസർക്കാർ

ഫെഡറലിസം അംഗീകരിച്ച രാജ്യത്ത്‌ ഇത്തരം അടിച്ചേൽപ്പിക്കലുകൾ അംഗീകരിക്കാനാവില്ലെന്ന്‌ തൊഴിലന്വേഷകരും പൊതുജനങ്ങളുമെല്ലാം ഒരേ സ്വരത്തിൽ പറയുന്നു.
■ കേന്ദ്ര ജോലി 
ഉത്തരേന്ത്യക്കാർക്ക്‌ മാത്രമാകും
ഉത്തരേന്ത്യൻ ലോബിയുടെ പിടിമുറുക്കം കാരണം കേന്ദ്ര സർക്കാർ ജോലികളിൽ നിലവിൽ തന്നെ മലയാളി സാന്നിധ്യം കുറവാണ്‌. ഹിന്ദി ഭാഷ നിർബന്ധമാക്കുന്നതോടെ തീരെ ഇല്ലാതാവും. ഓഫീസർ കേഡറായാലും മറ്റേത്‌ തസ്‌തിക ആയാലും ഹിന്ദി വായിക്കാനും പറയാനും എഴുതാനും സാധിക്കാത്തവർ പിന്തള്ളപ്പെടും. കേരളത്തിൽപോലും കേന്ദ്ര ജോലി കിട്ടാതെ വരും. തൊഴിലന്വേഷകരെ വളരെയധികം ദോഷകരമായി ബാധിക്കുന്ന നയങ്ങളാണ്‌ കേന്ദ്രം മുന്നോട്ടുവയ്‌ക്കുന്നത്‌.
സജി വർഗീസ്‌
ബെഫി സംസ്ഥാന
വൈസ്‌ പ്രസിഡന്റ്‌
■ സാധാരണക്കാരോടുള്ള 
വെല്ലുവിളി
തസ്‌തികകൾ വെട്ടിക്കുറച്ച്‌ നിയമന നിരോധമാണ്‌ കേന്ദ്ര സർക്കാർ നടപ്പാക്കിയത്‌. അതിനൊപ്പം ഹിന്ദി കൂടി അടിച്ചേൽപ്പിച്ചാൽ മറ്റ്‌ മാതൃഭാഷകൾ സംസാരിക്കുന്ന ഉദ്യോഗാർഥികൾ ഭാഷയുടെ പേരിൽ തഴയപ്പെടും.
ഇംഗ്ലീഷ്‌ ചോദ്യപേപ്പർ ഒഴിവാക്കി ഹിന്ദി ആക്കിയാൽ സാധാരണക്കാരന്‌ നീതി നിഷേധിക്കപ്പെടും. നൂറുകണക്കിനുപേർക്ക്‌ വിവിധ ജോലികൾക്കായി പരിശീലനം നൽകുന്നു. ഇംഗ്ലീഷിൽനിന്ന്‌ പരിശീലനം പെട്ടെന്ന്‌ ഹിന്ദിയിലേക്ക്‌ മാറ്റാൻ കഴിയില്ല.
എം എസ്‌ സനിൽ
ഫോക്കസ്‌ അക്കാദമി
പാലക്കാട്‌

മതരാഷ്ട്രത്തിലേക്കുള്ള നീക്കം: 
എം ബി രാജേഷ്‌
പാലക്കാട്‌
ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യത്ത്‌ ഒരു ഭാഷ അടിച്ചേൽപ്പിക്കുന്നത്‌ മതരാഷ്ട്രത്തിലേക്കുള്ള ചുവടുവയ്‌പ്പാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌. ഇത്‌ അംഗീകരിക്കാനാവില്ല. അത്‌ ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കലാണ്‌. ആർഎസ്‌എസ്‌ മുദ്രാവാക്യം ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാനിയെന്നാണ്‌.
ഒരു ഭാഷ ഒരു മതം ഒരു സംസ്‌കാരം എന്ന മുദ്രാവാക്യം അടിച്ചേൽപ്പിക്കുന്നു. വൈവിധ്യങ്ങൾക്കുമേലുള്ള കൈയേറ്റമെന്നേ ഇതിനെ കാണാനാവൂ. 22 ഔദ്യോഗിക ഭാഷയുണ്ടായിട്ടും ഹിന്ദി അടിച്ചേൽപ്പിക്കാൻ നീക്കം നടത്തുകയാണ്‌–- എം ബി രാജേഷ്‌ പറഞ്ഞു.

Related posts

കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട 16ന് തുറക്കും

Aswathi Kottiyoor

ഡ്രെവിംഗ് ലൈസൻസ്, വാഹന പെർമിറ്റ് കാലാവധി നീട്ടണമെന്ന് മന്ത്രി

Aswathi Kottiyoor

സാമ്ബത്തിക പ്രതിസന്ധി: തൊഴിലാളികള്‍ക്ക് ലേ ഓഫ് നല്‍കാനൊരുങ്ങി KSRTC മാനേജ്മെന്റ്

Aswathi Kottiyoor
WordPress Image Lightbox