• Home
  • Kerala
  • ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അമ്പതാമത് ചീഫ് ജസ്റ്റിസാകും; കാലാവധി രണ്ട് വർഷം
Kerala

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അമ്പതാമത് ചീഫ് ജസ്റ്റിസാകും; കാലാവധി രണ്ട് വർഷം


ന്യൂഡൽഹി: ഇന്ത്യയുടെ 50-മത് ചീഫ് ജസ്റ്റിസ് ആയി ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചഢിനെ നിയമിക്കാൻ ശുപാർശ. ചീഫ് ജസ്റ്റിസ് യു.യു. ലളിതാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാർശ കൈമാറിയത്. നവംബർ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിയുക്ത ചീഫ് ജസ്റ്റിസിന് ശുപാർശയുടെ പകർപ്പ് രാവിലെ പത്തേ കാലിന് സുപ്രീം കോടതിയിലെ ജഡ്ജസ് ലോഞ്ചിൽ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ വെച്ച് ചീഫ് ജസ്റ്റിസ് യു.യു. ലളിത് കൈമാറി.

ചീഫ് ജസ്റ്റിസ് പദവിയിൽ രണ്ട് വർഷത്തെ കാലാവധിയാണ് ഡി.വൈ. ചന്ദ്രചൂഢിനുള്ളത്. 2024 നവംബർ പത്തിനാണ് വിരമിക്കുക. 2016 മെയ് 13-നായിരുന്നു ഡി.വൈ. ചന്ദ്രചൂഢ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേൽക്കുന്നത്. അതിനുമുമ്പ് രണ്ട് വർഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000 മാർച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നത് വരെ ബോംബൈ ഹൈക്കോടതിയിൽ ആയിരുന്നു സേവനം. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഡൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു ബിരുദ പഠനം. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നാണ് നിയമത്തിൽ ബിരുദം സ്വന്തമാക്കിയത്. ഹാർവാർഡ് സർവ്വകലാശാലയിൽ നിയമത്തിൽ ബിരുദാനന്തര ബിരുദവും, പിഎച്ച്ഡിയും നേടി.

സുപ്രധാനമായ പല വിധികളും പുറപ്പടുവിച്ച ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്നു. സ്വകാര്യത പൗരന്റെ മൗലികാവകാശം ആണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി എഴുതിയത് ജസ്റ്റിസ് ചന്ദ്രചൂഢ് ആയിരുന്നു. അയോധ്യയിലെ തർക്ക ഭൂമി കേസ്, ശബരിമല യുവതി പ്രവേശന കേസ് തുടങ്ങിയ വിധികൾ പ്രസ്താവിച്ച ബെഞ്ചിൽ അംഗമായിരുന്നു. ആധാർ ഭരണഘടനാപരമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് അദ്ദേഹം എഴുതിയ ഭിന്നവിധിയും ശ്രദ്ധേയമായിരുന്നു.

ഡി.വൈ. ചന്ദ്രചൂഢിന്റെ പിതാവ് വൈ.വി. ചന്ദ്രചൂഢ് ഇന്ത്യയുടെ പതിനാറാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു. 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെ ആയിരുന്നു വൈ.വി. ചന്ദ്രചൂഢ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നത്. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി വൈ.വി. ചന്ദ്രചൂഢ് ആയിരുന്നു.

Related posts

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു; 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor

സൂര്യാഘാതമേറ്റുള്ള മരണം : തെറ്റായ വിവരം നൽകിയവർക്കെതിരെ നടപടി

Aswathi Kottiyoor

കേരളം ഇന്നു ലോക മലയാളിയുടെ അഭിമാനം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox