വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ചീഫ് സെക്രട്ടറിക്കു റിപ്പോർട്ടു നൽകി. സമരം മൂലം തുറമുഖ നിർമാണം പൂർണമായി നിലച്ചെന്നും ഇതുവരെ 100 കോടി രൂപയുടെ നഷ്ടമുണ്ടായതായും അദാനി ഗ്രൂപ്പ് റിപ്പോർട്ടിൽ വിശദമാക്കുന്നു. പദ്ധതിയുടെ പുരോഗതി വിലയിരുത്തിക്കൊണ്ട് വാരാന്ത്യത്തിൽ സർക്കാരിനു അദാനി ഗ്രൂപ്പ് നൽകിയ റിപ്പോർട്ടിലാണ് നഷ്ടക്കണക്കിനെക്കുറിച്ച് വിശദീകരിക്കുന്നത്.
പദ്ധതി പ്രദേശത്തേക്ക് കല്ലോ മറ്റ് നിർമാണ സാമഗ്രികളോ എത്തിക്കാനോ നിർമാണ പ്രവർത്തനങ്ങൾ നടത്താനോ സാധിക്കുന്നില്ലെന്നു റിപ്പോർട്ടിലുണ്ട്. നിർമാണം പഴയ രീതിയിൽ പുനരാരംഭിക്കാൻ സർക്കാർ ഇടപെടണം. 50 ദിവസത്തിലധികമായി നിർമാണം നിലച്ചതുമൂലമുള്ള ഭവിഷ്യത്തുകൾ ആറുമാസക്കാലമെങ്കിലും പദ്ധതിയെ ബാധിക്കും.
ഒരു ദിവസം രണ്ടു കോടി രൂപ എന്ന കണക്കിൽ ഇതിനകം 100 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് അദാനി ഗ്രൂപ്പ് സമരം മൂലം ഉണ്ടാകുന്ന സാന്പത്തിക നഷ്ടത്തെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നത്. സമരം പദ്ധതിയുടെ കമ്മീഷനിംഗിനെ പോലും ബാധിക്കും. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ സമരത്തെത്തുടർന്ന് സ്വീകരിക്കാനാകുന്ന നടപടികൾ സ്വീകരിച്ചതായാണ് സർക്കാർ നൽകുന്ന വിശദീകരണം. ഇതിന്റെ ഭാഗമായി തീരശോഷണം പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ചുകഴിഞ്ഞതായും സർക്കാർ വ്യക്തമാക്കുന്നു.