*കൊല്ലത്ത് യുവതിയേയും കുട്ടിയെയും പുറത്താക്കിയ സംഭവം: ഭർതൃവീട്ടുകാർക്കെതിരെ ജാമ്യമില്ലാ കേസ്.
കൊല്ലം/കൊട്ടിയം> തഴുത്തലയിൽ അമ്മയെയും കുട്ടിയെയും 20 മണിക്കൂർ വീടിനു പുറത്തുനിർത്തിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ, ഇയാളുടെ അമ്മ അജിതാകുമാരി, സഹോദരി പ്രസീത എന്നിവർക്കെതിരെയാണ് കേസെടുത്തത്. സ്ത്രീധന പീഡനത്തിനും കുട്ടിയെ പുറത്തുനിർത്തി പീഡിപ്പിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ്. വിഷയത്തിൽ ദേശീയ വനിതാ കമീഷനും ഇടപെട്ടു. അഞ്ചു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് നിർദ്ദേശം നൽകി. കേസെടുത്തതിനെ സ്വാഗതം ചെയ്ത അതുല്യ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
സ്കൂൾ വിട്ടുവന്ന മകനെ വിളിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് അതുല്യയെയും മകനെയും പുറത്തുനിർത്തി ഭർതൃമാതാവ് അജിതാകുമാരി ഗേറ്റ് അടച്ചുപൂട്ടിയത്. 20 മണിക്കൂറാണ് ഇരുവരെയും പുറത്തുനിർത്തിയത്. പലതവണ ആവശ്യപ്പെട്ടിട്ടും ഗേറ്റും വാതിലും തുറക്കാൻ അജിതാകുമാരി തയ്യാറായില്ല. തുടർന്ന്, അതുല്യ പൊലീസിൽ അറിയിക്കുകയായിരുന്നു. ചാത്തന്നൂർ എസിപി ഗോപകുമാർ, സിഡബ്ല്യുസി ജില്ലാ ചെയർമാൻ സനിൽ വെള്ളിമൺ, വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ, ജനപ്രതിനിധികൾ എന്നിവർ നടത്തിയ ചർച്ചയെത്തുടർന്നാണ് അതുല്യയെയും കുഞ്ഞിനെയും വീട്ടിൽ കയറ്റാൻ അജിതാകുമാരി തയ്യാറായത്.
ഇതിനിടെ അജിതാകുമാരിയിൽനിന്ന് സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി മൂത്ത മരുമകൾ വിമിയും രംഗത്തെത്തിയിരുന്നു. കുട്ടിയെ പുറത്തുനിർത്തിയതിന് അജിതാകുമാരിക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്ന് സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു. സ്ത്രീധന പീഡന പരാതിയിൽ വനിതാ കമീഷനും അന്വേഷണം തുടങ്ങി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാംമോഹൻ എന്നിവർ അതുല്യയെ സന്ദർശിച്ചു.