ഇരിട്ടി: അത്യാഹിത മേഖലകളിൽ സന്നദ്ധപ്രവർത്തനത്തിനെന്നും മുൻപന്തിയിൽ നിൽക്കുന്ന അഗ്നിരക്ഷാസേന ശനിയാഴ്ച ഇരിട്ടിയിൽ നടത്തിയ ബോധവൽക്കരണ ക്ലാസ് ശ്രദ്ധേയമായി. ഇരിട്ടി നിലയത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി ബസ്റ്റാന്റ് പരിസരത്തു നടത്തിയ പ്രഥമ ശുശ്രൂഷാ ബോധവൽക്കരണ ക്ലാസാണ് ശ്രദ്ധേയമായത്. നഗരത്തിൽ എന്ത് അത്യാഹിത മുണ്ടായാലും ആദ്യം ഓടിയെത്തുന്ന ചുമട്ട് തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരാണ് ക്‌ളാസിൽ പഠിതാക്കളായി എത്തിയത്.
ഒരാൾ നഗരത്തിൽ കുഴഞ്ഞുവീണാൽ, ഒരു അപകടമുണ്ടായാൽ അപകടത്തിൽ പെടുന്നവർ, ജലാശയത്തിൽ വീണ് പുറത്തെടുത്താൽ, കുട്ടികൾമുതൽ മുതിർന്നവർ വരെ ഭക്ഷണം കഴിക്കുമ്പോഴോ അതുമല്ലെങ്കിൽ വല്ല വസ്തുക്കളും തൊണ്ടയിൽ കുടുങ്ങിയാൽ എങ്ങിനെ പ്രഥമ ശുശ്രൂഷ ചെയ്യണം എന്നതായിരുന്നു ബോധവൽക്കരണ ക്‌ളാസിലെ വിഷയങ്ങൾ. ഇതിനായി ഡമ്മി ഉപയോഗിച്ചും അഗ്നിരക്ഷാ സേനാംഗത്തെ ഉപയോഗിച്ചുമായിരുന്നു ക്‌ളാസുകൾ നൽകിയത്. ഇരിട്ടി ബസ്റ്റാന്റിന് സമീപം പൊതുസ്ഥലത്തു വെച്ച് നടത്തിയ ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ക്‌ളാസ് കേൾക്കാനും പഠിക്കാനും നിരവധി പേരാണ് എത്തിച്ചേർന്നത്.
ഇരിട്ടി എസ് ടി ഒ കെ. രാജീവന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. അസി സ്റ്റേഷൻ ഓഫീസർ പി.പി. രാജീവൻ, എൻ. ജി. അശോകൻ, ഫയർ ആൻറ് റെസ്ക്യു ഓഫീസർ കെ.വി. വിജിഷ്, പി.ആർ. സന്ദിപ്, അനിഷ് പാലവിള, ആർ.പി. അനീഷ് മാത്യു ബെഞ്ചമിൻ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ബി. അരുൺ, സിവിൽ ഡിഫൻസ് അംഗം കെ.എൻ. ഉഷ എന്നിവരും ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തു.