23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വ്യാജ വാർത്തകളെ പ്രതിരോധിക്കൽ: 19.72 ലക്ഷം കുട്ടികൾക്ക് കൈറ്റ് ഡിജിറ്റൽ മീഡിയ ലിറ്ററസി പരിശീലനം നൽകി
Kerala

വ്യാജ വാർത്തകളെ പ്രതിരോധിക്കൽ: 19.72 ലക്ഷം കുട്ടികൾക്ക് കൈറ്റ് ഡിജിറ്റൽ മീഡിയ ലിറ്ററസി പരിശീലനം നൽകി

വ്യാജ വാർത്തകളെ പ്രതിരോധിക്കുന്നതിന് കുട്ടികൾക്ക് ഉൾപ്പെടെ ബോധവത്കരണം നടത്തുന്ന ‘സത്യമേവജയതേ’ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ കൈറ്റിന്റെ നേതൃത്വത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ മീഡിയ ലിറ്ററസി പരിശീലനം പൂർത്തിയാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 2020 ഫെബ്രുവരി 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ആദ്യഘട്ടം കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ‘ഫസ്റ്റ്ബെൽ’ ക്ലാസുകളിലൂടെയായിരുന്നു. 2021 ജൂൺ മുതൽ ആരംഭിച്ച രണ്ടാംഘട്ട പരിശീലനത്തിൽ എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികൾക്കാണ് അതത് ക്ലാസുകളിൽ പരിശീലനം നൽകിയിരുന്നത്.

2022 ആഗസ്റ്റ് മുതൽ പ്രത്യേക മൊഡ്യൂൾ ഉപയോഗിച്ച് നടത്തിയ മൂന്നാംഘട്ട പരിശീലനത്തിലാണ് അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികളെ പരിശീലിപ്പിച്ചത്. കൈറ്റിന്റെ നേതൃത്വത്തിൽ 5920 പരിശീലകരുടെ സഹായത്തോടെയാണ് പൊതുവിദ്യാലയങ്ങളിൽ യു.പി തലത്തിൽ 9.48 ലക്ഷം കുട്ടികൾക്കും ഹൈസ്‌കൂൾ തലത്തിൽ 10.24 ലക്ഷം കുട്ടികൾക്കും (മൊത്തം 19.72 ലക്ഷം) പരിശീലനം നൽകിയത്. ഏറ്റവും കൂടുതൽ കുട്ടികളെ പരിശീലിപ്പിച്ച സർക്കാർ വിദ്യാലയം മലപ്പുറം ജില്ലയിലെ ഡി.ജി.എച്ച്.എസ്.എസ്. താനൂരും (3691) എയ്ഡഡ് വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടവും (7467) ആണ്.

ഇന്റർനെറ്റ് നിത്യ ജീവിതത്തിൽ, സോഷ്യൽ മീഡിയയ്ക്ക് നമ്മെ വേണം, സോഷ്യൽ മീഡിയയിലെ ശരിയും തെറ്റും, വ്യാജവാർത്തകളുടെ വ്യാപനം എങ്ങനെ തടയാം എന്നിങ്ങനെ നാലു മേഖലകളിലായി രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരിശീലനമാണ് ഓരോ വിദ്യാർഥിക്കും നൽകിയത്.

പൊതുജനങ്ങൾക്കായി ‘സത്യമേവ ജയതേ’ പരിപാടിയുടെ ഉള്ളടക്കം തിങ്കൾ മുതൽ വ്യാഴം വരെ വൈകിട്ട് 7 മണിയ്ക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.

Related posts

വെള്ളിയും ശനിയും വേനൽ മഴയ്‌ക്ക്‌ സാധ്യത

Aswathi Kottiyoor

കോന്നി മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്ക് നാടിന് സമർപ്പിച്ചു കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി.

Aswathi Kottiyoor

കിസാൻ സഭ സമ്മേളനം ഇന്ന് സമാപിക്കും; കർഷക മഹാറാലി വൈകിട്ട്‌ നാലിന്‌

Aswathi Kottiyoor
WordPress Image Lightbox