കൊച്ചി ∙ കേരളത്തിലുൾപ്പെടെ ഇന്ത്യയിൽ എല്ലായിടത്തും കോവിഡ് എൻഡമിക് ഘട്ടത്തിലാണെന്ന് ആരോഗ്യ വിദഗ്ധർ. ജൂൺ മുതൽ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും കോവിഡ് എൻഡമിക് ഘട്ടത്തിലേക്കു കടന്നുവെന്ന് വെല്ലൂർ സിഎംസിയിലെ വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ടി. ജേക്കബ് ജോൺ പറഞ്ഞു. വൈറസ് പൂർണമായി ഇല്ലാതാകുന്ന ഘട്ടമല്ല എൻഡമിക്. എന്നാൽ ഏതെങ്കിലും സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വൈറസ് വ്യാപനം തുടർന്നുകൊണ്ടിരിക്കും. എന്നാൽ മഹാമാരി പോലെ ലോകം മുഴുവൻ വ്യാപിക്കാനുള്ള ശേഷിയുണ്ടാകില്ലെന്നു മാത്രം. മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ നിലവിൽ രാജ്യത്ത് എൻഡമിക് ഘട്ടത്തിലാണ്.
സെപ്റ്റംബർ പകുതിക്കു ശേഷം കേരളത്തിലും കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരികയാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കോവിഡ് കേസുകളിലുണ്ടാകുന്ന നേരിയ വർധനയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം മാത്രം സംസ്ഥാനത്തു കോവിഡ് ബാധിച്ചത് അരലക്ഷം പേർക്കാണ്. 272 പേർ സെപ്റ്റംബറിൽ കോവിഡ് ബാധിച്ചു മരിച്ചു.
നേരത്തേ പരിശോധന നടത്തുന്നവരിൽ 2–3% പേരാണു പോസിറ്റീവായിരുന്നത്. എന്നാൽ ഓണക്കാലത്തിനു ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) വീണ്ടും 10 ശതമാനത്തിനു മുകളിലെത്തി. പരിശോധനകളുടെ എണ്ണം കുറവായതിനാൽ പോസിറ്റീവാകുന്നവരുടെ എണ്ണത്തേക്കാൾ 3–5% വരെ കൂടുതലാകാം യഥാർഥത്തിൽ കോവിഡ് ബാധിതരുടെ എണ്ണമെന്ന് രാജഗിരി ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ പറഞ്ഞു.
ജോലിയെയും മറ്റും ബാധിക്കുമെന്നതിനാൽ പനി ബാധിതരായ പലരും കോവിഡ് പരിശോധനയ്ക്കു തയാറാകാത്ത സാഹചര്യമുണ്ടെന്നു ഡോക്ടർമാർ പറയുന്നു. പലരും ടെസ്റ്റിങ് കിറ്റ് വാങ്ങി വീടുകളിൽ സ്വന്തം നിലയിൽ തന്നെയാണു പരിശോധിക്കുന്നത്. അതിനാൽ യഥാർഥത്തിൽ കോവിഡ് ബാധിച്ചവരുടെ കണക്കെടുക്കുക പ്രയാസമുള്ള കാര്യമാണെന്നു ഡോക്ടർമാർ പറയുന്നു.
പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരിൽ പലരും കോവിഡ് പോസിറ്റീവാകുന്നു. എന്നാൽ അവരിൽ കോവിഡ് ഗുരുതരമാകുന്നില്ല. കോവിഡ് മൂലമുള്ള ന്യുമോണിയ ബാധയും കുറവാണ്. ഓണക്കാലത്തിനു ശേഷം കോവിഡ് കേസുകളിലുണ്ടായ വർധന താൽക്കാലികം മാത്രമാണെന്ന് ഐഎംഎ കോവിഡ് ദൗത്യസംഘം കോ ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറഞ്ഞു.
ഇതുവരെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചത് 71,350 പേരാണ്. ഇപ്പോൾ കോവിഡ് ബാധിച്ചു മരിക്കുന്നവർക്കെല്ലാം ഗുരുതരമായ മറ്റ്് അസുഖങ്ങളുണ്ടായിരുന്നു. മറ്റ് അസുഖങ്ങൾ ഉള്ളവർക്കു കോവിഡ് ബാധിക്കുകയാണെങ്കിൽ ഗുരുതരമാകാനുള്ള സാധ്യത ഇപ്പോഴും നിലവിലുണ്ടെന്നും ഡോക്ടർമാർ പറയുന്നു.