തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, വയനാട് തുരങ്കപ്പാത നിർമാണം, തീരശോഷണം തടയൽ എന്നീ മേഖലകളിൽ കേരളവുമായി സഹകരിച്ചു പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്നികൽ ഇൻസ്റ്റിറ്റ്യൂട്ട് (എൻജിഐ) താൽപര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോർവെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ധൻ ഡൊമനിക് ലെയ്ൻ ഉറപ്പു നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ത്യയിൽ നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുമായി എൻജിഐ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. തീര ശോഷണത്തിന്റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാർഗങ്ങൾ ഇവർ കണ്ടെത്തിയിട്ടുണ്ട്. പ്രളയ മാപ്പിങ്ങിലും ആവശ്യമായ സാങ്കേതിക ഉപദേശം നൽകാമെന്ന് എൻജിഐ വാഗ്ദാനം ചെയ്തു.
വിദഗ്ധരുടെ കേരള സന്ദർശനത്തിനു ശേഷം സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഡൊമ നിക് ലെയ്ൻ വ്യക്തമാക്കി. സാങ്കേതിക വിദഗ്ധനും ഇന്ത്യൻ വംശജനുമായ രാജേന്ദ്രകുമാർ ഉൾപ്പെടെ ആറംഗ സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.