കേരളത്തില്‍ ഇന്നു മുതൽ ഒക്‌ടോബർ എട്ടുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണം.