ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധ ഹെലികോപ്റ്റര്‍ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്‍റെ (എല്‍സിഎച്ച്) ആദ്യ ബാച്ച് തിങ്കളാഴ്ച വ്യോമസേനയുടെ ഭാഗമാകും.
രാജസ്ഥാനിലെ ജോധ്പൂര്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരിയും പങ്കെടുക്കും.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ നിര്‍മിച്ചിരിക്കുന്നത്. 5,000 മീറ്റര്‍ (16400 അടി) ഉയരത്തില്‍ ആയുധങ്ങളും ഇന്ധനവുമായി പറക്കാന്‍ ഈ ഹെലികോപ്റ്ററിനാകും.
എല്‍സിഎച്ചിന്‍റെ മള്‍ട്ടിറോള്‍ പ്ലാറ്റ്ഫോം നിരവധി മിസൈലുകളും മറ്റ് ആയുധങ്ങളും തൊടുക്കാന്‍ പ്രാപ്തമാണ്. ഏത് കാലാവസ്ഥയേയും അതിജീവിക്കാനുള്ള ശേഷിയും ഇതിനുണ്ട്.
3,887 കോടി രൂപ ചെലവില്‍ തദ്ദേശീയമായി വികസിപ്പിച്ച 15 ലിമിറ്റഡ് സീരീസ് പ്രൊഡക്ഷന്‍ (എല്‍എസ്പി) എല്‍സിഎച്ച് വാങ്ങുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) കഴിഞ്ഞ മാര്‍ച്ചിലാണ് അംഗീകാരം നല്‍കിയത്.