കണ്ണൂര്‍: നിറഞ്ഞ പുഞ്ചിരിയും ഉറച്ച നിലപാടുകളുമായി അണികളിൽ ആവേശം നിറച്ച പ്രിയ സഖാവിന് വിട നൽകാനൊരുങ്ങി കണ്ണൂർ. തലശ്ശേരി ടൗൺഹാളിൽ പൊതുദർശനം തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴും കോടിയേരിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാൻ കാത്തു നിൽക്കുന്നത് ആയിരങ്ങളാണ്. തലശ്ശേരി ടൗണ്‍ ഹാളിൽ ഉച്ചയോടെ ആരംഭിച്ച പൊതുദര്‍ശനം രാത്രിയോടെ അവസാനിപ്പിക്കും. തുടര്‍ന്ന് തലശ്ശേരി മാടായിപീടികയിലുള്ള കോടിയേരിയുടെ വീട്ടിലേക്ക് മൃതദേഹം മാറ്റും. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെല്ലാം വീട്ടിലാണുള്ളത്. ഇന്ന് രാത്രി വീട്ടിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ അഴീക്കോടൻ സ്മാരകമന്ദിരത്തിലേക്ക് കൊണ്ടു പോകും. വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലം കടപ്പുറത്താണ് സംസ്കാരം.
ഉച്ചയ്ക്ക് ഒരു മണിയോടെ കോടിയേരിയുടെ മൃതദേഹം കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മന്ത്രിമാരും പാർട്ടി നേതാക്കളുമായി നിരവധി പേർ മൃതദേഹം ഏറ്റുവാങ്ങാൻ ആയി എത്തിയിരുന്നു കേരളത്തിലെ കരുത്തുറ്റ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവിനെ ഓർത്ത് കണ്ണീർ വാർക്കുകയായിരുന്നു നാട്ടുകാരും പാർട്ടി പ്രവർത്തകരും.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ കോടിയേരി എന്ന നേതാവ് ജനഹൃദയങ്ങളിൽ നേടിയെടുത്ത സ്ഥാനമെന്തെന്ന് തെളിയിക്കുന്നതായി വിലാപയാത്രയിൽ കണ്ടത് വൈകാരിക രംഗങ്ങളാണ്.