ഇരിട്ടി: ആറളം ഫാമിലെ പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ നിരന്തര ആക്രമണവും കഴിഞ്ഞ ദിവസം ഒരു ആദിവാസി കൂടി മരിക്കാനിടയായതുമായ സാഹചര്യം അങ്ങേയറ്റം ഖേദകരമാണെന്ന് താലൂക്ക് വികസനസമിതിയോഗം അഭിപ്രായപ്പെട്ടു. ഇന്നത്തെ സാഹചര്യം സംബന്ധിച്ച് മുന്പെടുത്ത തീരുമാനങ്ങൾ വിലയിരുത്തുന്നതിനും നടപ്പാക്കുന്നതിനായി ജില്ലാ കളക്ടർ അടിയന്തിര യോഗം വിളിച്ചു ചേർക്കണമെന്നും യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
രണ്ടര മാസം മുൻപ് ദാമു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടപ്പോൾ എടുത്ത പരിഹാര തീരുമാനങ്ങൾ ഒന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ദാമു കൊല്ലപ്പെട്ടതിനെ തുടർന്ന് ഉയർന്ന പ്രതിഷേധം കണക്കിലെടുത്ത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഫാമിൽ യോഗം ചേർന്ന് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നു. കാടുകെട്ടിക്കിടക്കുന്ന പ്രദേശങ്ങൾ മുഴുവൻ അടിയന്തിരമായി വെട്ടിത്തെളിക്കാനും സൗരോർജ്ജ തൂക്ക് വേലി സ്ഥാപിക്കുവാനും അന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ ഒരു നടപടി ഉണ്ടാവാത്തതിൽ അംഗങ്ങൾ സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോഴാണ് ഇത് സംബന്ധിച്ച് നടപടികൾ ചർച്ച ചെയ്യുന്നതിനായും അന്നെടുത്ത തീരുമാനങ്ങൾ ഉറപ്പാക്കുന്നതിനായും കളക്ടർ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കുകയാണ് വേണ്ടതെന്ന് സണ്ണിജോസഫ് എം എൽ എ പറഞ്ഞത് . ഇത് യോഗം അംഗീകരിക്കുകയായിരുന്നു. പ്രശ്‌ന പരിഹാരം ആനമതിൽ നിർമ്മാണം മാത്രമാനിന്നും ഇത് യാഥാർത്ഥ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കാൻ മുഖ്യമന്ത്രി തന്നെ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇരട്ടി ബസ്റ്റാൻഡ് വൺവേ റോഡ് കേന്ദ്രീകരിച്ച് നാടോടി കുടുംബങ്ങളുടെ അനധികൃത താമസം പരിസരവാസികൾക്കും ടൗണിലെത്തുന്നവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ഇബ്രാഹിം മുണ്ടേരി, കെ. പി. ഷാജി എന്നിവർ ആവശ്യപ്പെട്ടു. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ഇവർക്കിടയിൽ ഉണ്ടാകുന്ന സംഘർങ്ങളും വാക്കേറ്റങ്ങളും പ്രദേശവാസികൾക്കും വ്യാപാരികൾക്കും വലിയ പ്രയാസം ഉണ്ടാക്കുന്നതായി അംഗങ്ങൾ പറഞ്ഞു. നഗരസഭയുമായി ചേർന്ന് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് ഇരിട്ടി എസ് ഐ എം .പി. ഷാജി യോഗത്തെ അറിയിച്ചു.
ആദിവാസി വിഭാഗങ്ങൾക്ക് ഉൾപ്പെടെ പഠന, ഫീസ് ആനുകൂല്യങ്ങൾക്കായി ആവശ്യമായ സർട്ടിഫിക്കറ്റുകൾ വില്ലേജ് , താലൂക്ക് തലത്തിൽ ഉണ്ടാകുന്ന കാലതാമസം വൻ പ്രയാസം ഉണ്ടാക്കുന്നതായും പലരുടേയും അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതായും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ പറഞ്ഞു. താലൂക്കിൽ കിട്ടുന്ന അപേക്ഷകൾ മുൻഗണനാക്രമം പാലിച്ച് ഉടൻതന്നെ തീർപ്പാക്കുന്നുണ്ടെന്നും ആക്ഷേപങ്ങൾ പരിഹരിക്കുന്നതിന് ഇടപെടുമെന്നും തഹസിൽദാർ സി. വി. പ്രകാശൻ മറുപടി നൽകി.
പയഞ്ചേരി മുക്ക് ജംഗ്ഷനിൽ സ്ഥിരം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് ബസുകൾ ബസ്റ്റോപ്പിൽ കൃത്യമായി നിർത്താത്തതിനാലാണെന്ന നഗരസഭാ വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ പറഞ്ഞു. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
മേലെ സ്റ്റാൻഡിൽ സോളാർ വഴിവിളക്കുകൾ വീണു കിടക്കുന്നത് മാറ്റാത്തതും പഴയ ബസ്റ്റാൻഡിലെ നഗരസഭ കംഫർ സ്റ്റേഷനിലെ ശൗചാലയ ടാങ്കിന്റെ സ്ലാവ് തുറന്നു കിടക്കുന്നതും ചർച്ചയായി. കീഴൂർ കുന്നിൽ 30 അടിയോളം താഴ്ച്ചയിൽ മണ്ണിട്ട് നികത്തുന്നത് ആരുടെ അനുമതിയോടെ ആണെന്ന് കെ. മുഹമ്മദലി ചോദിച്ചു. മണ്ണിടാൻ ജിയോളജി വിഭാഗത്തിന്റെ അനുമതി ഉണ്ടായിരുന്നെന്നും പരാതി ഉയർന്ന പശ്ചാത്തലത്തിൽ അവ നിർത്തിവയ്ക്കുവാൻ പറഞ്ഞതായും തഹസിൽദാർ യോഗത്തിൽ പറഞ്ഞു.
കൊട്ടിയൂർ മേഖലയിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന 49 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചതായ തഹസിൽദാർ യോഗത്തെ അറിയിച്ചു. ലഭിച്ച നഷ്ടപരിഹാരം വളരെ തുച്ഛമാണെന്ന് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പൂടാകം പറഞ്ഞു. അതിനാലാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് എം എൽ എ പറഞ്ഞു .
ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ , നഗരസഭാ വൈസ്.ചെയർമാൻ പി .പി. ഉസ്മാൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പടാകം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ .ശ്രീധരൻ , വിപിൻ തോമസ്, ഇബ്രാഹിം മുണ്ടേരി, പി. കെ. ജനാർദ്ദനൻ , കെ. മുഹമ്മദലി , കെ .പി. ഷാജി , എ .കെ. ദിലീപൻ , തോമസ് തയ്യിൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ ഡിപ്പാർട്ടുമെന്റുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും എത്തിയിരുന്നു