ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതി തുടർച്ചയായ ആറാം തവണയും സ്വന്തമാക്കി ഇൻഡോർ. കേന്ദ്ര സർക്കാരിന്റെ വാർഷിക ശുചിത്വ സർവേയിൽ മധ്യപ്രദേശ് നഗരം ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ സൂററ്റും നവി മുംബൈയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
വിജയവാഡയെ പിന്തള്ളിയാണ് നവി മുംബൈ മൂന്നാം സ്ഥാനത്തെത്തിയത്. സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മധ്യപ്രദേശ് ഒന്നാം സ്ഥാനവും ഛത്തീസ്ഗഡും മഹാരാഷ്ട്രയും രണ്ടാം സ്ഥാനവും നേടി.
100-ൽ താഴെ നഗര, തദ്ദേശഭരണ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളിൽ ത്രിപുരയാണ് ഒന്നാം സ്ഥാനം നേടിയത്. ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഏറ്റവും വൃത്തിയുള്ളതായി മഹാരാഷ്ട്രയിലെ പഞ്ചഗണി തെരഞ്ഞെടുക്കപ്പെട്ടു. ലോണാവാലയും സസ്വാദുമാണ് തൊട്ടുപിന്നിൽ.
ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള വിഭാഗത്തിൽ ഹരിദ്വാറിനെ ഏറ്റവും വൃത്തിയുള്ള ഗംഗാ പട്ടണമായി തെരഞ്ഞെടുത്തു, വാരാണസിയും ഋഷികേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.