ഇരിട്ടി: അടക്കിവച്ച ആദിവാസി രോഷവും വേദനയും പ്രതിഫലിപ്പിച്ച് ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഇരിട്ടി ഓഫീസിലേക്ക് ഉജ്വല ബഹുജനമാർച്ച്. കോരിച്ചൊരിയുന്ന മഴയെ കൂസാതെ സിപിഐ എം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ നിന്നാരംഭിച്ച മാർച്ച് ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. ആദിവാസികളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച് പണം അനുവദിച്ച ആനമതിൽ നിർമ്മാണം അനിവാര്യമാണെന്ന് എം വി ജയരാജൻ പറഞ്ഞു. ഇത് മനുഷ്യജീവന്റെ നിലനിൽപ്പിന്റെ വിഷയമാണ്. ആദിവാസികളെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും ജയരാജൻ പറഞ്ഞു. ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ മോഹനൻ അധ്യക്ഷനായി.വൈൽഡ് ലൈഫ് വാർഡൻ ഓഫീസ് പടിക്കൽ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പുരുഷോത്തമൻ സമാപനം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരൻ, കെ മോഹനൻ, ആറളം ഫാം ലോക്കൽ സെക്രട്ടറി പി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. വന്യജീവി അക്രമണങ്ങളിൽ നിന്ന് ആറളം ഫാമിനെ രക്ഷിക്കുക, ആനമതിൽ നിർമ്മാണം ഉടൻ ആരംഭിക്കുക എന്നീ ആവശ്യങ്ങളുയർത്തി നടത്തിയ മാർച്ചിൽ ആറളം ഫാമിൽ നിന്നടക്കമുള്ള ആദിവാസികളും അണിനിരന്നു.