25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് പേവിഷബാധവ്യാപനം കൂടുന്നു, 520 സാംപിളിൽ 221 പോസിറ്റീവ്.*
Kerala

സംസ്ഥാനത്ത് പേവിഷബാധവ്യാപനം കൂടുന്നു, 520 സാംപിളിൽ 221 പോസിറ്റീവ്.*


കോട്ടയം: സംസ്ഥാനത്ത് ജനുവരിമുതൽ സെപ്റ്റംബർവരെ പരിശോധിച്ച 42 ശതമാനം സാംപിളുകളിൽ പേവിഷബാധ സ്ഥിരീകരിച്ചു. മനുഷ്യരെ ആക്രമിച്ച തെരുവുനായകളുടെയും കടിയേറ്റ വളർത്തുനായ്‌ക്കളുടെയും വളർത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും സാംപിളുകൾ പരിശോധിച്ചതിൽപ്പെടുന്നു.

മൊത്തം 520 സാംപിളുകൾ നോക്കിയതിൽ 221 എണ്ണം പോസിറ്റീവായിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ആന്റി റാബീസ് റീജണൽലാബുകളിൽനിന്നുള്ള കണക്കുകൾ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസാണ് ക്രോഡീകരിച്ചത്. പാലോട്, കൊല്ലം, തിരുവല്ല, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ലാബുകൾ.രണ്ടുലക്ഷം ഡോസുകൂടി എത്തിച്ചു

പേവിഷബാധ കൂടുന്ന സാഹചര്യത്തിൽ നായകളുടെ വാക്സിനേഷൻ ശക്തമാക്കാനാണ് മൃഗസംരക്ഷണവകുപ്പിന്റെ തീരുമാനം. രണ്ടുലക്ഷം ഡോസ് വാക്സിൻകൂടി കഴിഞ്ഞദിവസമെത്തി. ഓർഡർചെയ്ത രണ്ടുലക്ഷം ഡോസുകൂടി ഉടനെത്തും. നേരത്തേ കൈവശമുണ്ടായിരുന്ന ആറുലക്ഷം ഡോസ് ജില്ലകളിലേക്ക് കൈമാറിയിരുന്നു. കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന വെറ്ററിനറി ഡോക്ടർമാരുടെകൂടി സഹായത്തോടെ തദ്ദേശവകുപ്പാണ് വാക്സിനേഷൻ സംഘടിപ്പിക്കുന്നത്.

മനുഷ്യരിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ

പനി, തലവേദന, വിശപ്പില്ലായ്മ, ഛർദി, മുറിവിൽ വേദന, ചൊറിച്ചിൽ എന്നിവയാണ് പ്രഥമിക ലക്ഷണങ്ങൾ.

രോഗം മൂർച്ഛിച്ചാൽ പിച്ചും പേയും പറയൽ, വിഭ്രാന്തി കാട്ടൽ, ഉമനീർ പോലും ഇറക്കാനാകാത്ത അവസ്ഥ, വെള്ളം കാണുമ്പോൾ പേടി, കടുത്ത ദാഹം. ഒടുവിൽ വായിൽനിന്ന് നുരയും പതയും വരും.

പ്രതിവിധി

പേവിഷബാധ മരണകാരണമാണെങ്കിലും പ്രതിരോധ കുത്തിവെപ്പ് അതിനെ നിസ്സാരമാക്കിമാറ്റുന്നു. അതായത് പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന ആളിൽ റാബീസ് വൈറസ് അപ്പോൾ നശിക്കുന്നുവെന്നർഥം.

മൃഗങ്ങളുടെ കടിയേറ്റ ഉടൻ മുറിവിൽ 10 മിനിറ്റുനേരം വെള്ളം ശക്തമായി ഒഴിച്ച് സോപ്പിട്ട് കഴുകണം. നഗ്‌നമായ കൈകൊണ്ടു മുറിവ് തൊടരുത്. എണ്ണ, മഞ്ഞൾ, ചെറുനാരങ്ങ, ഉപ്പ്, മുളക് എന്നിവയൊന്നും മുറിവിൽ പുരട്ടരുത്. കഴുകിയശേഷം മുറിവിന്റെ നനവ് മാറ്റി ഏതെങ്കിലും അണുനാശിനി പുരട്ടുക. തുടർന്ന് പ്രതിരോധ കുത്തിവെപ്പ്.മുൻപ്‌ പൊക്കിളിന് ചുറ്റുമായിരുന്നു കുത്തിവെയ്ക്കൽ. ഇപ്പോഴത് തോൾ ഭാഗത്തിന് താഴെയാണ് കുത്തിവെക്കുന്നത്.

ആദ്യ കുത്തിവെപ്പ് കഴിഞ്ഞാൽ മൂന്നാം ദിവസവും ഏഴാം ദിവസവും 28-ാം ദിവസവും തുടർകുത്തിവെപ്പും നടത്തണം. പേവിഷബാധയുള്ള മൃഗങ്ങൾ വളർത്തുമൃഗങ്ങളെ കടിച്ചാൽ അവയ്ക്കും കുത്തിവെപ്പ് നടത്താൻ മടിക്കരുത്.

പകരുന്നതെങ്ങനെ ?

പേവിഷബാധയുള്ള വന്യമൃഗങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ ഉമിനീരിൽനിന്നാണ് രോഗം പകരുന്നത്. റാബീസ് വൈറസുകൾ മനുഷ്യരിലേക്ക് മാത്രമല്ല, കടിയേൽക്കുന്ന മറ്റു മൃഗങ്ങളിലും ബാധിക്കും.

കടിയേൽക്കണമെന്ന് നിർബന്ധമില്ല, പേവിഷബാധയേറ്റ മൃഗങ്ങൾ നക്കിയാലും മതി. പൂച്ചയും അണ്ണാനും മാന്തിയാലും രോഗം പകരും. കാരണം നഖം എപ്പോഴും നക്കി വൃത്തിയാക്കുന്ന ജന്തുക്കളാണിവ. ഇവയുടെ ഉമനീര് നഖങ്ങളിൽ പറ്റിപ്പിടിച്ചിട്ടുണ്ടാകും. 96 ശതമാനവും പട്ടികളിൽനിന്നാണ് പേവിഷബാധ പകരുന്നത്.

പേവിഷബാധയേറ്റ മനുഷ്യരിൽനിന്ന് മറ്റൊരാൾക്ക് റാബീസ് വൈറസുകൾ പകരാനുള്ള സാധ്യത കുറവാണ്.

എന്നാൽ പേവിഷബാധയേറ്റ രോഗിയുടെ അവയവം മാറ്റിവെക്കുന്നതിലൂടെ രോഗം പകരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. തെരുവിൽ അലഞ്ഞുതിരിയുന്ന നായയ്ക്കും പൂച്ചയ്ക്കും ഇവയുമായി ഇടപഴകുന്ന വളർത്തുമൃഗങ്ങൾക്കുമാണ് കൂടുതലും പേവിഷബാധ പകരുന്നത്. പേടിച്ച്‌ ഓടുക, അമിതമായി ഉമിനീർ ഒലിപ്പിക്കുക, അക്രമിക്കുക, ഭക്ഷണം കഴിക്കാൻ പ്രയാസപ്പെടുക എന്നീ ലക്ഷണങ്ങളാണ്പേവിഷബാധയേറ്റ മൃഗങ്ങൾ കാണിക്കുക.

Related posts

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കാലവർഷം തുലാവർഷത്തിനു വഴിമാറുന്നു; നാ​ല് ജി​ല്ല​ക​ളി​ൽ ചൊവ്വാഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട്

Aswathi Kottiyoor

ജനന നിയന്ത്രണം ഒഴിവാക്കി ചൈന

Aswathi Kottiyoor
WordPress Image Lightbox