ഒടുവിൽ പ്രേമനന്‍റെ മകൾ രേഷ്മയ്ക്ക് കൺസഷൻ പാസ് നൽകി കെഎസ്ആർടിസി. കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ വീട്ടിലെത്തിയാണ് പാസ് കൈമാറിയത്.
സെപ്റ്റംബർ 20ന് കൺസഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദിച്ചത്. അന്ന് പാസ് പുതുക്കാനുള്ള പണം അടച്ച് അപേക്ഷ നൽകിയിരുന്നു. ജീവനക്കാരുടെ അതിക്രമം വലിയ ചർച്ചയായ സാഹചര്യത്തിലാണ് കെഎസ്ആർടിസി ജീവനക്കാർ രേഷ്മയുടെ വീട്ടിലെത്തി പാസ് നൽകിയത്.
അതേസമയം അച്ഛനെയും മകളെയും മർദിച്ച കേസിലെ പ്രതികളായ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അതിനിടെ സംഭവം നടന്ന് ഒൻപത് ദിവസമായിട്ടും ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും മർദ്ദനമേറ്റ പ്രേമനനൻ പരാതി നൽകിയിരുന്നു.