28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • നെല്ല് സംഭരണം: സപ്ളൈകോയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും തമ്മില്‍ കരാറായി
Kerala

നെല്ല് സംഭരണം: സപ്ളൈകോയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും തമ്മില്‍ കരാറായി

നെല്ലിന്റെ സംഭരണ വില കര്‍ഷകര്‍ക്ക് നേരിട്ട് വേഗത്തില്‍ നല്‍കുന്നതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി സപ്ളൈകോ കരാര്‍ ഒപ്പിട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ ചേര്‍ന്നു രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് സപ്‌ളൈകോയുമായി കരാറില്‍ ഒപ്പിട്ടത്.

കരാര്‍ പ്രകാരം 6.9 ശതമാനം പലിശ നിരക്കില്‍ 2500 കോടി രൂപയാണ് സപ്‌ളൈക്കോയ്ക്ക് കണ്‍സോര്‍ഷ്യം വായ്പ നല്കുക. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നേരത്തെയുള്ള പി.ആര്‍.എസ് വായ്പാ പദ്ധതി പ്രകാരം ബാങ്കുകളില്‍നിന്ന് കടമെടുക്കുന്നതിന് 8.5 ശതമാനമായിരുന്നു പലിശ. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കണ്‍സോര്‍ഷ്യം വായ്പയിലൂടെ പ്രതിവര്‍ഷം 21 കോടി രൂപയുടെ ബാധ്യത സപ്‌ളൈകോയ്ക്ക് കുറയും.

പിആര്‍എസ് വായ്പ സംബന്ധിച്ച് കര്‍ഷകര്‍ക്കുണ്ടായിരുന്ന വിവിധ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പുതിയ ക്രമീകരണം സഹായകമാകും. നെല്ല് സംഭരിച്ച ശേഷം കര്‍ഷകര്‍ക്ക് അക്കൗണ്ടിലേക്ക് പണം വേഗത്തില്‍ നല്‍കുന്നതിനാണ് പി.ആര്‍.എസ് വായ്പ പദ്ധതി നേരത്തെ സപ്ലൈകോ നടപ്പാക്കിയത്. സപ്ളൈകോയുടെ ജാമ്യത്തില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന വായ്പയിലൂടെ നെല്ലിന്റെ വില നല്‍കുകയാണ് ചെയ്തിരുന്നത്. പിന്നീട് സപ്ലൈകോ ബാങ്കുകള്‍ക്ക് പണം നല്കുമ്പോള്‍ വായ്പ അടച്ചു തീര്‍ത്തതായി കണക്കാക്കും. ഒരു വര്‍ഷത്തിനകം പലിശ സഹിതം തുക തിരിച്ചടയ്‌ക്കേണ്ടിയിരുന്ന വായ്പയായിരുന്നു ഇത്.

പി.ആര്‍.എസ് വായ്പ പദ്ധതിയില്‍ തിരിച്ചടവ് വൈകുന്ന സാഹചര്യമുണ്ടായാല്‍ കര്‍ഷകന്‍ വായ്പയുടെ തിരിച്ചടവു മുടങ്ങിയവരുടെ പട്ടികയിലാവുകയും കര്‍ഷകന്റെ സിബില്‍ സ്‌കോര്‍ കുറയുകയും ചെയ്യും. വായ്പാ പലിശയായ 8.5 ശതമാനത്തിനുപുറമെ തിരിച്ചടവു മുടങ്ങുമ്പോഴുള്ള പിഴപ്പലിശയായ രണ്ടു ശതമാനവും സപ്ളൈകോ ബാങ്കുകള്‍ക്ക് നല്കേണ്ടി വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് പിആര്‍എസ് വായ്പയ്ക്ക് പകരമായി കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ തുക വായ്പയായി എടുക്കുന്നതിന് തീരുമാനിച്ചത്. സര്‍ക്കാര്‍ ജാമ്യം നില്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ അവരുടെ കണ്‍സോര്‍ഷ്യം മുഖാന്തിരം സപ്ളൈകോയ്ക്ക് 2500 കോടി രൂപ കുറഞ്ഞ പലിശ നിരക്കില്‍ നല്കുന്നത്. 0.75 ശതമാനം ഗാരന്റി കമ്മീഷന്‍ സപ്ളൈകോ സര്‍ക്കാരിന് നല്കും. കണ്‍സോര്‍ഷ്യം മുഖേനയുള്ള വായ്പയ്ക്ക് പിഴപ്പലിശയില്ല എന്ന മെച്ചവും ഉണ്ട്.

കണ്‍സോര്‍ഷ്യത്തെ പ്രതിനീധികരിച്ച് എസ്ബിഐ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. എസ്. പ്രേംകുമാര്‍, കനറാ ബാങ്ക് ചീഫ് മാനേജര്‍ ജി. പ്രഭാകര്‍ രാജു, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അജിത് വി. മാത്യു എന്നിവരും സപ്ലൈകോ ഫിനാന്‍സ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സതീഷും കരാറില്‍ ഒപ്പുവച്ചു.

സപ്ളൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ സഞ്ജീബ് പട്ജോഷിയും എസ്.ബി.ഐ എറണാകുളം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. ഹരിഹരനും സന്നിഹിതരായിരുന്നു. സപ്ലൈകോ നെല്ല് സംഭരണ വിഭാഗം മാനേജര്‍ ബി. സുനില്‍കുമാര്‍, എസ്.ബി.ഐ ക്രെഡിറ്റ് അനലിസ്റ്റ് എഫ്.ജി. നോയല്‍, കനറാബാങ്ക് സീനിയര്‍ മാനേജര്‍ നിധിന്‍ സതീഷ് , ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ വിഷ്ണു എം. തുടങ്ങിയവരും പങ്കെടുത്തു.

Related posts

പച്ചക്കറി സംഭരണവില കൂട്ടും, കൂടുതൽ വിളകൾ ഏറ്റെടുക്കും.

Aswathi Kottiyoor

ജസ്റ്റിസ് സി ടി രവികുമാറടക്കം 9 പുതിയ ജഡ്‌ജിമാർ സുപ്രീംകോടതിയിലേക്ക്‌ ; 3 പേർ വനിതകൾ.

Aswathi Kottiyoor

നവകേരളകാലത്തെ ഭരണനിർവഹണം’ സെമിനാർ ജൂലൈയിൽ

Aswathi Kottiyoor
WordPress Image Lightbox