കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പള കുടിശികയും ഓണ ബോണസും നല്‍കാനായി 103 കോടി രൂപ നല്‍കണമെന്ന സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി.
ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. പണം നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവു സ്റ്റേ ചെയ്ത ഡിവിഷന് ബെഞ്ച് ജീവനക്കാര്‍ക്കു നല്‍കാനുള്ള തുകയുടെ മൂന്നിലൊന്നു പണമായും ബാക്കി സാധനങ്ങള്‍ വാങ്ങാനുള്ള കൂപ്പണായും നല്കാന് ഉത്തരവിട്ടിരുന്നു. കൂപ്പണ്‍ നല്‍കാനുള്ള തീരുമാനം ജീവനക്കാരെ നിരാശരാക്കിയിരുന്നു. തുടര്‍ന്ന് കുടിശിക തീര്‍ക്കാനായി 103 കോടി രൂപ സര്‍ക്കാര്‍ പണമായി കെഎസ്ആര്‍ടിസിക്കു നല്കി.
പണം നല്കാന് സര്‍ക്കാര്‍ തയാറായിരുന്നെങ്കില്‍ അപ്പീല്‍ നല്‍കിയതെന്തിനാണെന്ന് എജി ഹാജരായി മറുപടി നല്കാന് ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു. ഇതനുസരിച്ച് എജി ഹാജരായി സര്‍ക്കാരിന്റെ ഭാഗം വിശദീകരിച്ചു.
കെഎസ്ആര്‍ടിസിക്ക് പണം നല്കാന് സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന സിംഗിള്‍ബെഞ്ചിന്റെ നിരീക്ഷണം നിയമപരമായി ശരിയല്ലെന്നും പണം നല്കാന് കോടതിക്ക് ഉത്തരവിടാനാവില്ലെന്നും എജി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് അപ്പീല്‍ നല്‍കിയതെന്നും പറഞ്ഞു. തുടര്‍ന്നാണ് അപ്പീല്‍ തീര്‍പ്പാക്കിയത്.