പൊതുമര്യാദകള്‍ പാലിക്കാത്തതും അശ്ലീലം നിറഞ്ഞതുമായ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കൂടിവരുന്നതായി കണക്കുകള്‍. ജൂലൈയില്‍ മാത്രം 25 മില്യണ്‍ കണ്ടന്റുകളാണ് പരാതികളെത്തുടര്‍ന്നു ഫേസ്ബുക്ക് നീക്കം ചെയ്തത്.
ഇന്‍സ്റ്റഗ്രാമില്‍ പരിധികള്‍ ലംഘിച്ച രണ്ടു മില്യണ്‍ കണ്ടന്റുകളും ജൂലൈയില്‍ നീക്കം ചെയ്തെന്നു ഫേസ്ബുക്ക് (മെറ്റ) അധികൃതര്‍ പറഞ്ഞു.
കുട്ടികളുടെ ലൈംഗിക ദുരുപയോഗം ഉള്ളടക്കമായ 5.18 ലക്ഷം പോസ്റ്റുകള്‍ ജൂലൈയില്‍ മാത്രം ഫേസ്ബുക്ക് നീക്കം ചെയ്തു. നഗ്നത, ലൈംഗിക പ്രവൃത്തികള്‍ എന്നിവ ഉള്ളടക്കമായ 2.7 മില്യണ്‍ പോസ്റ്റുകളാണ് ഫേസ്ബുക്ക് ഒരു മാസത്തിനിടെ നീക്കിയത്.
വിദ്വേഷപ്രചാരണം നടത്തിയ 1.10 ലക്ഷം പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യ, അക്രമം, തീവ്രവാദ ആശയ പ്രചാരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു പോസ്റ്റുകള്‍ നീക്കം ചെയ്തവയിലുണ്ട്.
ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും തെറ്റായ പ്രവണതകള്‍ നിയന്ത്രിക്കാന്‍ നിരീക്ഷണ സംവിധാനങ്ങള്‍ തുടങ്ങിയതായി ഫേസ്ബുക്ക് ഇന്ത്യ (മെറ്റ) ഇന്‍സ്റ്റഗ്രാം പബ്ലിക് പോളിസി ഹെഡ് നതാഷ ജോഗ് പറഞ്ഞു.
കൗമാരപ്രായക്കാരായ കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കള്‍ക്ക് കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ സഹായിക്കുന്ന പേരന്റല്‍ സൂപ്പര്വിഷന് ടൂള്‍സ് ഇന്‍സ്റ്റഗ്രാം പ്രഖ്യാപിച്ചു. ഇതുവഴി സൂപ്പര്വിഷന് ടൂളുകള്‍, റിസോഴ്സുകള്‍, കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിദഗ്ധരില്‍ നിന്നുള്ള വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ മാതാപിതാക്കളെയും രക്ഷിതാക്കളെയും സഹായിക്കുന്ന ഫാമിലി സെന്ററും ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചു.
തങ്ങളുടെ കുട്ടികള്‍ എത്രനേരം ഇന്‍സ്റ്റഗ്രാമില്‍ സമയം ചെലവിടുന്നുണ്ടെന്ന് നിരീക്ഷിക്കാന്‍ സ്ക്രീന്‍ ടൈം ലിമിറ്റുകള്‍ സെറ്റ് ചെയ്യാന്‍ മാതാപിതാക്കള്‍ക്കു സാധിക്കും.
ദിവസത്തിലും ആഴ്ചയിലും നിശ്ചിത ഇടവേളകള്‍ ഷെഡ്യൂള്‍ ചെയ്തുകൊണ്ടും ഇന്‍സ്റ്റഗ്രാമില്‍ ചെലവഴിക്കുന്ന സമയം ക്രമീകരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും നതാഷ ജോഗ് പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള ബോധവത്കരണത്തിനു കേരള പോലീസിന്റെ സൈബര്‍ ഡോമുമായും മെറ്റ സഹകരിക്കുന്നുണ്ട്.