കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) നാല് റെയിശതമാനം വർധിപ്പിച്ചു. ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 34ൽ നിന്നും 38 ശതമാനമായി ഉയർന്നു. 50 ലക്ഷം കേന്ദ്രത്തിന്റെ കീഴിലുള്ള ജീവനക്കാർക്ക് പുറമെ 62 ലക്ഷത്തോളം പെൻഷൻ ഉപഭോക്താക്കൾക്കും പുതിയ ഡിഎ നിരക്ക് ബാധകമാകും. രാജ്യത്ത് ഉയർന്ന് വരുന്ന പണപ്പെരുപ്പത്തിന്റെ സാഹചര്യത്തിലാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ഡിഎ വർധിപ്പിക്കുന്നത്. അതേസമയം 18 മാസത്തെ കുടിശ്ശിക സംബന്ധിച്ച് കേന്ദ്രമന്ത്രിസഭ യോഗത്തിൽ തീരുമാനമായില്ല.
രാജ്യത്തിലെ പണപ്പെരുപ്പം കണക്കിലെടുത്ത് വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്രം തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തുന്നത്. സാധാരണയായി വർഷാരംഭിത്തിൽ ജനുവരിയിലും പിന്നീട് ജൂലൈയിലുമായിട്ടാണ് ഡിഎ വർധനവ് ഉണ്ടാകുക. നേരത്തെ മാർച്ച് 30തിനായിരുന്നു കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത ഏറ്റവും അവസാനമായി ഉയർത്തിയത്.കോവിഡിനെ തുടർന്ന് 2019ന് ശേഷം സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധനവ് കേന്ദ്രം പിടിച്ച് വച്ചിരിക്കുകയായിരുന്നു. തുടർന്ന് 2021 ജൂലൈയിലാണ് കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും ഡിഎയും ഡിആറും വർധിപ്പിച്ചത്. അന്ന് 17 ശതമാനത്തിൽ നിന്ന് 28 ശതമാനത്തിലേക്കാണ് ഡിഎ വർധിപ്പിച്ചത്. അത് പിന്നീട് 2022 മാർച്ചിൽ കേന്ദ്രം അംഗീകാരം നൽകുകയായിരുന്നു.
ഡിഎ വർധനവിന് പുറമെ കേന്ദ്രം പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി മൂന്ന് മാസത്തേക്കും കൂടി നീട്ടി. ഡിസംബർ വരെ നീട്ടാനാണ് ക്യാബിനെറ്റിൽ തീരുമാനമായത്. ഒപ്പം തന്നെ റെയിൽവെയുടെ വിവിധ പദ്ധതികൾക്കും മന്ത്രിസഭ യോഗത്തിൽ അനുമതി ലഭിക്കുകകും ചെയ്തു. കൂടാതെ റെയിൽവെ ജീവനക്കാർക്കുള്ള ബോണിസിനും കേന്ദ്രം അനുമതി നൽകി. 78 ദിവസത്തെ ബോണസിനായി കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത്രയും തന്നെയായിരുന്നു കേന്ദ്രം റെയിൽവെ ജീവനക്കാർക്ക് ദസറയ്ക്ക് മുന്നോടിയായി നൽകുന്ന ബോണസ് നിശ്ചയിച്ചത്. റെയിൽവെയുടെ 11 ലക്ഷം വരുന്ന ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതിനായി റെയിൽവെക്ക് 2000 കോടി രൂപ അധികം ചെലിവാകുമെന്ന് സീ ബിസിനെസ് റിപ്പോർട്ട് ചെയ്യുന്നു.