കൊച്ചി: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കെഎസ്ആര്‍ടിസി നടത്തുന്നത് യൂണിയൻ ആണോ മാനേജ് മെന്റ് ആണോ എന്ന് ഹൈക്കോടതി ചോദിച്ചു.യൂണിയനുകൾ ഭരണം നടത്തുന്നത് നിർത്തണം. എന്ത് സമര സംസ്കാരം ആണിത്? രാവിലെ വരുക എല്ലാ സർവീസും മുടക്കുക ഇതാണ് നടക്കുന്നത്. ഒരു മണിക്കൂർ കൊണ്ട് പണിമുടക്ക് പ്രഖ്യാപിക്കുന്നത് നിർത്തണം. ജനങ്ങളെ ദുരിതത്തിൽ ആക്കിയുള്ള സമരം അനുവദിക്കാൻ ആകില്ല. അങ്ങനെ എങ്കിൽ യൂണിയനുകൾ കെഎസ്ആര്‍ടിസി ഏറ്റെടുത്ത് നടത്തണം. സമരം പ്രഖ്യാപിക്കുന്നവരിൽ നിന്ന് മുടങ്ങുന്ന ഷെഡ്യൂളിന്റെ പണം ഈടാക്കണം. ഇത്തരം സമരക്കാരുടെ പോക്കറ്റ് കാലിയാക്കണം. യൂണിയൻ എന്താണോ തീരുമാനിക്കുന്നത് അത് മാത്രമാണ് കെഎസ്ആര്‍ടിസിയിൽ നടക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.
കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ ചർച്ച തുടരും. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കരണം മനസ്സിലാക്കാൻ പുതുക്കിയ ഷെഡ്യൂളുകളുടെ മാതൃക യൂണിയൻ നേതാക്കൾക്ക് കൈമാറി. ഇത് യൂണിയൻ നേതാക്കൾ വിശദമായി പഠിച്ച ശേഷം നാളെ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം. തിരുവനന്തപും ജില്ലയിലെ 8 ഡിപ്പോയിലെ ഷെഡ്യൂളുകളാണ് കൈമാറിയത്. ഒഡിനറി ഷെഡ്യൂളുകൾ ഇരട്ടിയാക്കിയ ശേഷമാണ് ഓരോ യൂണിറ്റിലും ആഴ്ചയിൽ ആറ് ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത്.