ഒറ്റ ദിവസം കൊണ്ട് 32 കേസുകളിൽ വിധി പുറപ്പെടുവിച്ച് റിക്കാർഡിട്ട് ഒഡീഷ ഹൈക്കോടതി. ജസ്റ്റീസ് ദേബബത്ര ദാസ് അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് വിധിപ്രസ്താവനകളിലെ ഈ അപൂർവനേട്ടം സ്വന്തമാക്കിയത്.
തിങ്കളാഴ്ച ജസ്റ്റീസ് ദാസ് പരിഗണിച്ച കേസുകളിൽ ഭൂരിഭാഗവും കീഴ്ക്കോടതി വിധികൾക്കെതിരായ അപ്പീലുകളായിരുന്നു. 32 കേസുകളിൽ ഒരെണ്ണം മാത്രമാണ് ഹൈക്കോടതിയിൽ നേരിട്ട് ഫയൽ ചെയ്തിരുന്നത്. 1990 മുതൽ കെട്ടിക്കിടക്കുന്ന വസ്തുവിൽപന കേസുകൾ ഉൾപ്പെടെയുള്ളവയാണ് ജസ്റ്റീസ് ദാസ് തീർപ്പാക്കിയത്.
ഓഗസ്റ്റിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ 25 ഹൈക്കോടതികളിലായി 59.5 ലക്ഷം കേസുകൾ തീർപ്പാകാതെ കിടക്കുന്നുണ്ട്. കീഴ്ക്കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 4.13 കോടി കവിയുമെന്നും രേഖകൾ പറയുന്നു.