കൊച്ചി: രാഹുല്‍ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര സമാധാനപരമായിട്ടാണ് കടന്ന് പോവുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. യാത്ര ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന സ്വകാര്യ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. യാത്ര ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന പരാതിയില്‍ ഹര്‍ജിക്കാരന് ഇതിനെ സാധൂകരിക്കുന്ന ഒരു തെളിവും ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയും ചെയ്തു.ജോഡോ യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിച്ച ഉടനെ ആയിരുന്നു ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജിയെത്തിയത്. എന്നാല്‍ അന്ന് ഹര്‍ജി പരിഗണിക്കാനായില്ല. തുടര്‍ന്ന് കൂടുതല്‍ വിശദാശങ്ങള്‍ വ്യക്തമാക്കാന്‍ ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് ഹര്‍ജി പരിഗണിക്കുകയും തള്ളുകയും ചെയ്തത്.
യാത്രയ്ക്ക് പോലീസ് അനുമതിയില്ലേയെന്നും എന്തെല്ലാം മാനദണ്ഡമാണ് യാത്രയ്ക്ക് അനുവാദം നല്‍കുമ്പോള്‍ പോലീസ് വ്യക്തമാക്കിയതെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. ഇതിനൊന്നും വ്യക്തമായ ഉത്തരം നല്‍കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിരിന്റെ വാദങ്ങള്‍ കൂടെ കേട്ട ശേഷം ഹര്‍ജി തള്ളിയത്.
യാത്രയില്‍ നിയമലംഘനമുണ്ടായ ഇടത്തെല്ലാം കേസെടുത്തിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ഉണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു.