കൊച്ചി∙ യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് ശ്രീനാഥ് ഭാസി ഹാജരായത്. പൊലീസ് തിങ്കളാഴ്ച രാവിലെ ഹാജരാകാനാണ് ആവശ്യപ്പെട്ടതെങ്കിലും വൈകിട്ട് ഹാജരാകാന്‍ അനുവദിക്കണമെന്നു പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
ശ്രീനാഥ് ഭാസി പ്രകോപിതനാകാനുള്ള കാരണം വ്യക്തമാകുന്നതിനായി അഭിമുഖത്തിന്റെ വിഡിയോ ദൃശ്യം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മറ്റൊരു അഭിമുഖത്തിൽ നടൻ അവതാരകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതുകൂടി മുൻനിർത്തിയാകും ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യംചെയ്യുക.