28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പാതയോരങ്ങളിലെ കൊടി, ബോർഡ്, ബാനർ: എന്തൊരു തോൽവിയാണ് സർക്കാരേ? ഹൈക്കോടതി.
Kerala

പാതയോരങ്ങളിലെ കൊടി, ബോർഡ്, ബാനർ: എന്തൊരു തോൽവിയാണ് സർക്കാരേ? ഹൈക്കോടതി.

പാതയോരങ്ങളിലെ അനധികൃത കൊടികൾ, ബോർഡുകൾ, ബാനറുകൾ തുടങ്ങിയവയ്ക്കെതിരെ നടപടിയെടുക്കാത്തതു സർക്കാരിന്റെ ഭരണ പരാജയമാണെന്നു ഹൈക്കോടതി വിമർശിച്ചു. ഏതു നിറത്തിലും ഏതു രീതിയിലുമുള്ളതാണെങ്കിലും അനധികൃത കൊടി തോരണങ്ങൾ, ബോർഡുകൾ, ബാനറുകൾ തുടങ്ങിയവയ്ക്കെതിരെ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി, തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി, പൊലീസ് മേധാവി എന്നിവർക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. നടപടി റിപ്പോർട്ട് നൽകാനും നിർദേശിച്ചു. ഹർജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ദേശീയ പാതയിൽ അനധികൃത ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നുൾപ്പെടെ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിനെ തുടർന്നാണു നിർദേശം. നിയമവിരുദ്ധമായി സ്ഥാപിച്ച സിനിമകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പോസ്റ്ററുകളും നീക്കാൻ നിർദേശിച്ചിട്ടുണ്ട്.സർക്കാരിന് രാഷ്ട്രീയമായതുൾപ്പെടെയുള്ള സമ്മർദങ്ങളുണ്ടാകാം. എന്നാൽ, നടപടിയെടുക്കാത്തത് ലഘുവായി എടുക്കാനാവില്ല. കോടതി ഉത്തരവ് സർക്കാരും ഏജൻസികളും നടപ്പാക്കേണ്ടതാണ്. സർക്കാരിന്റെയും ഏജൻസികളുടെയും പരാജയം മൂലം ഉത്തരവ് പുറപ്പെടുവിച്ചിട്ടും ചില നിക്ഷിപ്ത താൽപര്യക്കാർ കോടതിയെ കുറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടായി. നീക്കം ചെയ്ത വസ്തുക്കൾ പൊതു മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ ഇടരുതെന്നും കോടതി നിർദേശിച്ചു.

‘കോടതിയുടെ ഹൃദയവിശാലത ദൗർബല്യമായി കാണരുത് ’

അനധികൃത കൊടികളുടെയും ബോർഡുകളുടെയും കാര്യത്തിൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാത്തത് അവർ ഉത്തരവാദിയാകണമെന്നില്ല എന്നതുകൊണ്ടാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അവരുടെ കൈകൾ കെട്ടിയിരിക്കുകയാണ്.സർക്കാരിന്റെ പിന്തുണയില്ലാതെ ബോർഡുകൾ മാറ്റാൻ അവർക്ക് എങ്ങനെ ധൈര്യമുണ്ടാകും? ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ അറിയാത്തതുകൊണ്ടല്ല, ഹൈക്കോടതിയുടെ ഹൃദയവിശാലത ദൗർബല്യമായി എടുക്കരുത്.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അനധികൃത കൊടിതോരണങ്ങൾ സ്ഥാപിച്ചിട്ടും നടപടിയെടുത്തില്ല. രാജ്യത്തെ പ്രധാന സ്ഥാനത്തുള്ള വ്യക്തിയുടെ കൊച്ചി സന്ദർശനത്തെത്തുടർന്ന് നഗരത്തിൽ വലിയ ബോർഡുകൾ വച്ചത് രാജ്യമൊട്ടാകെ സ്വച്ഛ ഭാരത് പദ്ധതി നടപ്പാക്കുമ്പോഴാണ്. ഭരിക്കുന്ന പാർട്ടി അനധികൃതമായി ബോർഡ് വയ്ക്കേണ്ടെന്നു തീരുമാനിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

Related posts

*2026ൽ ചൈനയെ മറികടക്കും; 2030ൽ 150 കോടി കടക്കും’; എന്താണ് ഇന്ത്യയുടെ ഭാവി

Aswathi Kottiyoor

ഫയർ സ്‌റ്റേഷനിലെ വിവരങ്ങൾ ഇനി വിരൽതുമ്പിൽ

Aswathi Kottiyoor

കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കി​ല്ല; കേ​ന്ദ്ര നി​ല​പാ​ട് നി​രാ​ശാ​ജ​ന​ക​മെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

Aswathi Kottiyoor
WordPress Image Lightbox