പൊതുമരാമത്ത് വകുപ്പിന് കീഴില്‍ റണ്ണിങ് കോണ്‍ട്രാക്ട് പദ്ധതി നടപ്പിലാക്കുന്ന റോഡുകളുടെ പരിപാലനം ഉറപ്പാക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് – ടൂറിസം – യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്ഥിരമായ റോഡ് പരിപാലന പരിശോധനക്കുള്ള ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് നിയോഗിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിലവില്‍ പ്രത്യേക സംഘം ജില്ലകളില്‍ പരിശോധന നടത്തി വരികയാണ്. ഈ ടീം പരിശോധനക്ക് ശേഷം നല്‍കുന്ന റിപ്പോര്‍ട്ട് വിലയിരുത്തിയാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
ചുമതലയുള്ള റോഡുകളില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പരിശോധന നടത്തി പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുവാനുള്ള സ്ഥിരം സംവിധാനം രൂപീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി ഫീല്‍ഡില്‍ പോയി പരിശോധന നടത്തണം എന്ന പ്രധാന ഉത്തരവാദിത്തം നിര്‍വ്വഹിക്കുവാന്‍ ഈ സംവിധാനം കൊണ്ട് ഭാവിയില്‍ സാദ്ധ്യമാകുമെന്നും മന്ത്രി അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സംഘത്തിന്റെ പരിശോധന വെളളിയാഴ്ചയും തുടര്‍ന്നു. കാസര്‍ഗോഡ്
,കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. ജില്ലകളില്‍ രണ്ട് ടീമായി മാറിയാണ് പരിശോധന. ഈ ജില്ലകളില്‍ റണ്ണിംഗ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെടുത്തിയ റോഡുകളില്‍ നിലവില്‍ നടത്തിയ പ്രവൃത്തി സംഘം പരിശോധിച്ചു. റോഡുകളുടെ നിലവിലുള്ള സ്ഥിതിയും സംഘം വിലയിരുത്തുന്നുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എന്നീ ജില്ലകളിലും പരിശോധന പുരോഗമിക്കുന്നുണ്ട്. പാലക്കാട്, കോട്ടയം, വയനാട് ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ പരിശോധന നടത്തും. വകുപ്പിലെ നോഡല്‍ ഓഫീസര്‍ ചുമതലയിലുള്ള ഐ എ എസ് ഓഫീസര്‍മാര്‍, ചീഫ് എഞ്ചിനിയര്‍മാര്‍, സൂപ്രണ്ടിംഗ് എഞ്ചിനിയര്‍മാര്‍, എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍മാര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.ഇതോടൊപ്പം ക്വാളിറ്റി കണ്‍ട്രോള്‍ വിംഗിലെ ഉദ്യോഗസ്ഥരും പരിശോധക സംഘത്തിലുണ്ട്. പരിശോധന സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഈ സംഘം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു