കാർഷിക കലണ്ടറിൽ മാറ്റം വരുത്താനുള്ള ശ്രമവുമായി കുട്ടനാട്ടിലെ നെൽകർഷകർ. സാധാരണയായി നവംബർ പകുതിയോടെ ആരംഭിക്കുന്ന പുഞ്ചകൃഷി ഇത്തവണ ഒക്ടോബറിൽ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്.
മാർച്ച് മാസം മുതൽ വേനൽമഴ തീവ്രമാകുമോ എന്ന ഭയപ്പാടാണ് കർഷകരെ ഈയൊരു തീരുമാനത്തിലേക്കു നയിച്ചത്. ഒരു മാസം നേരത്തേ അടുത്ത സീസണിലെ പുഞ്ചകൃഷി തുടങ്ങുന്നതിനാൽ പാടശേഖരങ്ങൾ അടുത്ത കൃഷിക്കൊരുക്കാനുള്ള പ്രാരംഭനടപടി തുടങ്ങിക്കഴിഞ്ഞു.
പന്പിംഗ് തുടങ്ങി
അതിനോടനുബന്ധിച്ചു പന്പിംഗ്, പുറംബണ്ട് ബലപ്പെടുത്തൽ, പോളവാരൽ, ആന്പൽ പറിക്കൽ എന്നിവ നടക്കുകയാണ്. കൊയ്ത്തിനോടടുക്കുന്പോഴും കൊയ്ത്തിന്റെ സമയത്തും മുൻ വർഷങ്ങളിലുണ്ടായ തീവ്രമഴയെത്തുടർന്നുള്ള കൃഷി നഷ്ടമാണ് കർഷകരെ കാർഷിക കലണ്ടറിൽ മാറ്റം വരുത്താൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണിൽ വിളവെടുക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ അപ്രതീക്ഷിതമായെത്തിയ കനത്ത വേനൽമഴ കുട്ടനാടൻ നെൽകർഷകർക്കു വലിയ ആഘാതമാണ് ഏൽപ്പിച്ചത്.
അതാണ് പുതിയൊരു പരീക്ഷണത്തിലേക്കു കർഷകരെയെത്തിച്ചിരിക്കുന്നത്. രണ്ടാം കൃഷി നടന്നുകൊണ്ടിരിക്കുന്ന പാടശേഖരങ്ങൾ ഒക്ടോബർ അവസാനത്തോടെ വിളവെടുത്തു പുഞ്ചകൃഷിക്കുള്ള ചിട്ടവട്ടങ്ങളിലേക്കു ഉടനെ കടക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു മാസം നേരത്തേ കൃഷി ആരംഭിക്കുന്നതുകൊണ്ട് ഫെബ്രുവരിയിൽ വിളവെടുക്കാനാകും. സാധാരണയായി മാർച്ച്, ഏപ്രിൽ മാസങ്ങളോടെയാണ് പുഞ്ചകൃഷിയുടെ വിളവെടുപ്പ് പൂർത്തിയാകുന്നത്.