രാജ്യത്തെ പ്രധാന പത്തൊമ്പത് നഗരങ്ങളില്‍ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കൊച്ചി മൂന്നാമത്. ലക്ഷം ജനസംഖ്യയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കണക്കിലെടുത്താണ് കൊച്ചി മൂന്നാമതായത്. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ലക്ഷം ജനസംഖ്യയില്‍ 1603.7 ആണ് കൊച്ചിയിലെ കുറ്റകൃത്യങ്ങളുടെ നിരക്കെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിയാണ് ഒന്നാമതി. ഡല്‍ഹിയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ലക്ഷം പേരില്‍ 1859 ആണ്. സൂറത്തിനാണ് രണ്ടാം സ്ഥാനം. ഇവിടെ ലക്ഷം ജനസംഖ്യയില്‍ 1675 ആണ് നിരക്ക്.
കുറ്റകൃത്യങ്ങളില്‍ കൊച്ചി മൂന്നാംസ്ഥാനത്ത് ആണെങ്കിലും ഐപിസി പ്രകാരമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ കൊച്ചിയില്‍ കുറവാണ്. ചെറിയ കുറ്റങ്ങള്‍ക്കുപോലും കേരളാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതുകൊണ്ടാണ് കൊച്ചിയെ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചത്.
സംസ്ഥാനത്ത് പോലീസിനെ ഏറ്റവും വേഗത്തില്‍ സമീപിക്കാന്‍ പറ്റുമെന്നതാണ് കേസിന്റെ എണ്ണം ഉയര്‍ന്നത് കാണിക്കുന്നതെന്ന് പ്രമുഖ ക്രിമിനോളജിസ്റ്റുകള്‍ പറയുന്നു.