ഒറ്റത്തവണ ഉപയോഗത്തിനുള്ള നിശ്ചിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളുടെ നിരോധനം പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ സര്‍ക്കാര്‍. മിഠായി സ്റ്റിക് മുതല്‍ 500 മില്ലീ ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍ വരെ 35-ഓളം ഉല്പന്നങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇവയെല്ലാം സുലഭമായി ഇന്നും വിപണിയിലുണ്ട്. കടലാസിലൊതുങ്ങി സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം. ഇവ ഉല്പാദിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. തുടക്കത്തില്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയാണ് ശിക്ഷ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദാക്കുമെന്നും ഉത്തരവില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ഉല്പന്നങ്ങള്‍ക്ക് പുറമേ 2020 ജനുവരി, ഫെബ്രുവരി, മെയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരമുള്ള ഉല്പന്നങ്ങളും നിരോധനത്തിന്‍റെ പരിധിയില്‍ വരും എന്നിരിക്കെയാണ് എല്ലാം പാളിയത്. വിവിധ കമ്പനികളുടെ പ്ലാസ്റ്റിക്ക് കുപ്പികളില്‍ നിറച്ച് വരുന്ന കുടിവെള്ളത്തിന്‍റെ 300 മില്ലിയില്‍ താഴെയുള്ള കുപ്പികള്‍ക്കായിരുന്നു ആദ്യം നിരോധനം.
പിന്നീട് പരിധി 500 മില്ലിയാക്കി ഉയര്‍ത്തി. കാലിക്കുപ്പികള്‍ നിര്‍മാണ കമ്പനികള്‍ തന്നെ തിരിച്ചെടുക്കണമെന്ന നിബന്ധനയും വെച്ചു. എന്നാല്‍ 200 മില്ലിയുടെ വിവിധ തരത്തിലുള്ള കുടിവെള്ള കുപ്പികള്‍ കടകളില്‍ ഇന്നും സുലഭമാണ്. സര്‍ക്കാരിന്‍റെ നിയമവും നിബന്ധനയും പാലിച്ച് കുപ്പി വെള്ളം നിര്‍മിക്കുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് ഇവിടെ ഒരു വിലയുമില്ലാത്ത അവസ്ഥയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചിലതെങ്കിലും ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഇത്തരം നിര്‍മാണം നിര്‍ബാധം നടക്കുമ്പോള്‍ തങ്ങള്‍ക്കും പരിമിതികള്‍ ഉണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. നിയമം കര്‍ശനമാക്കിയാല്‍ നിരോധിത വസ്‌തുക്കള്‍ നിര്‍ത്തലാക്കാന്‍ പല വ്യാപാരികളും തയ്യാറാണ്. എന്നാല്‍ ഇവിടെയെല്ലാം പഴയപടി തുടരുകയല്ലേ എന്നാണ് കച്ചവടക്കാരും ചോദിക്കുന്നത്.