തിരുവനന്തപുരം> സംസ്ഥാനത്തെ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായുള്ള വാക്‌സിൻ യജ്ഞം ചൊവ്വാഴ്‌ച ആരംഭിക്കും. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞം ഒക്‌ടോബർ 20 വരെ നീളും.
മൃഗസംരക്ഷണവകുപ്പിലുണ്ടായിരുന്ന ആറു ലക്ഷം ഡോസും അധികമായി വാങ്ങിയ നാലു ലക്ഷം ഡോസും ഉപയോഗിക്കും. തദ്ദേശസ്ഥാപനങ്ങൾ വാക്സിൻ നൽകാനുള്ള സംവിധാനം ഒരുക്കും. വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് തെരുവുനായകളുള്ള മേഖലകളിലെത്തിയാണ് വാക്‌സിൻ നൽകുക.
പേവിഷ പ്രതിരോധവാക്സിന്റെ ആദ്യ രണ്ടു ഡോസുമെടുത്തവരെ മാത്രമാകും യജ്ഞത്തിന്റെ ഭാഗമാക്കുക. യജ്ഞത്തിൽ പങ്കാളികളാകുന്നവർക്കുള്ള വാക്സിൻ വിതരണം തിങ്കളാഴ്ചയും നടന്നു. ചൊവ്വാഴ്ചയോടെ എല്ലാവർക്കും ആദ്യ ഡോസ് നൽകും. ആദ്യ ഡോസെടുത്ത് ഏഴാം ദിവസം രണ്ടാം ഡോസും 21–-ാം ദിവസം മൂന്നാം ഡോസും എടുക്കണം. സുരക്ഷ മുൻനിർത്തി രണ്ടു ഡോസെങ്കിലും എടുത്തവരെ മാത്രമേ ജോലിക്കെത്തിക്കൂ. ഡോക്ടർമാർ, ലൈവ്സ്റ്റോക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ, ഡോഗ് ക്യാച്ചേഴ്സ് തുടങ്ങിയവരാണ് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പ്രകാരം പ്രതിരോധ കുത്തിവയ്‌പ് എടുക്കുന്നത്.