കൊച്ചി ∙ തെരുവുനായ്ക്കൾ ഉൾപ്പെടെ മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്കു സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. പേവിഷബാധയുണ്ടെന്നു സംശയമുള്ള തെരുവുനായ്ക്കളെ പിടികൂടി മാറ്റി പാർപ്പിക്കണം. തെരുവുനായ്ക്കളെയും അവർക്കു ഭക്ഷണം നൽകുന്നവരെയും ഉപദ്രവിക്കുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അടിമലത്തുറയിൽ വളർത്തു നായയെ കൊലപ്പെടുത്തിയതിനെ തുടർന്നു കോടതി സ്വമേധയാ എടുത്ത ഹർജിയിലാണു തെരുവുനായ പ്രശ്നവും പരിഗണിച്ചത്.ആക്രമണത്തിന് ഇരയാകുന്നവർക്കു സർക്കാർ, മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സയും മരുന്നും സൗജന്യമായി നൽകണമെന്നാണു പ്രധാന നിർദേശം. ഇതിനു വേണ്ട മരുന്നും ഉപകരണങ്ങളും ഉറപ്പാക്കണം. സൗജന്യ ചികിത്സ നൽകുന്നത് മറ്റു ഫോറങ്ങളിൽ നഷ്ടപരിഹാരം തേടാൻ തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കി.