പേവിഷ പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്തി സർക്കാർ. നായകൾക്കുള്ള വാക്‌സിനേഷൻ യഞ്‌ജത്തിന്റെ ഭാഗമായി മൃഗസംരക്ഷണവകുപ്പ് നാലുലക്ഷം ഡോസ് കൂടി വാങ്ങും. ഇതിന് ഓർഡർ നൽകിയതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. കൈവശമുണ്ടായിരുന്ന ആറ് ലക്ഷം ഡോസ് വാക്സിൻ 14 ജില്ലയ്‌ക്കും വീതംവച്ചു. 20 മുതൽ വാക്സിൻയജ്ഞം ആരംഭിക്കുന്നതോടെ കൂടുതൽ ഡോസ് വേണ്ടിവരും. ഇതുകൂടി കണ്ടാണ് സംഭരണം.
വാക്സിൻ നൽകും മുമ്പായി 170 പ്രദേശം തെരുവുനായ ഹോട്ട്‌സ്‌പോട്ടായി കണ്ടെത്തിയിട്ടുണ്ട്. വാക്‌സിൻ മൃഗസംരക്ഷണ വകുപ്പ് സൗജന്യമായി വിതരണം ചെയ്യും. നായപിടിത്തക്കാർ, വാഹനം തുടങ്ങിയ ചെലവുകൾ തദ്ദേശസ്ഥാപനങ്ങൾ വഹിക്കും. ക്യാമ്പയിനായി 78 ഡോക്ടർമാരെ കണ്ടെത്തി. കൂടുതൽ പേർക്ക് പരിശീലനം നൽകും. തെരുവുനായകളെ പുനരധിവസിപ്പിക്കാൻ പ്രാദേശികതലത്തിൽ അനിമൽ ഷെൽട്ടർ ആരംഭിക്കാനും നടപടി പൂർത്തിയാകുന്നു. മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ അടിസ്ഥാന സൗകര്യമൊരുക്കി കരാറടിസ്ഥാനത്തിൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിക്കും. തെരുവുനായ വന്ധ്യംകരണത്തിന് കുടുംബശ്രീക്ക് ഹൈക്കോടതി അനുമതി നിഷേധിച്ച സാഹചര്യത്തിലാണിത്. എബിസി കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനെതിരെ ചിലയിടങ്ങളിൽ ജനങ്ങളുടെ എതിർപ്പുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ബോധവൽക്കരണം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു