ലണ്ടൻ
ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കുന്നു. ലണ്ടനിൽ 23 മുതൽ 25 വരെ നടക്കുന്ന ലേവർകപ്പിനുശേഷം സ്വിറ്റ്‌സർലൻഡുകാരൻ കളിനിർത്തും. 41 വയസ്സുള്ള ഫെഡറർ 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. പരിക്കും പ്രായവുമാണ് വിരമിക്കാനുള്ള കാരണം. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് കളമൊഴിയുന്നത്.
കാൽമുട്ടിലേറ്റ പരിക്കുകാരണം ഏറെനാളായി കളത്തിനുപുറത്തായിരുന്നു. കഴിഞ്ഞവർഷം വിംബിൾഡണിൽ കളിച്ചശേഷം കളത്തിലിറങ്ങിയില്ല. 2020നുശേഷം മൂന്ന് ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിൽമാത്രമേ ഇറങ്ങാൻ കഴിഞ്ഞുള്ളൂ. 2021 വിംബിൾഡൺ ക്വാർട്ടറിൽ തോറ്റ് മടങ്ങുകയായിരുന്നു.
ഇരുപത്തിനാലുവർഷമാണ് ടെന്നീസിലുണ്ടായിരുന്നത്. എട്ടുതവണ വിംബിൾഡൺ കിരീടം ചൂടി. നിലവിൽ 22 ഗ്രാൻഡ് സ്ലാം കിരീടങ്ങളുള്ള റാഫേൽ നദാലും 21 കിരീടങ്ങളുള്ള നൊവാക് ജൊകോവിച്ചുമാണ് ഫെഡറർക്ക് മുന്നിലുള്ളത്.