23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വളർത്തുനായ്ക്കളിൽ രണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കി:മന്ത്രി ജെ ചിഞ്ചു റാണി
Kerala

വളർത്തുനായ്ക്കളിൽ രണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കി:മന്ത്രി ജെ ചിഞ്ചു റാണി

*170 ഹോട്ട്‌സ്‌പോട്ടുകൾ

*പ്രാദേശികതലത്തിൽ ആനിമൽ ഷെൽട്ടറുകൾ

*തെരുവ് നായ്ക്കൾക്കു പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ

പേവിഷ നിർമാർജനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും ഇതിന്റെ ഭാഗമായി വളർത്തുനായ്ക്കളിൽരണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കിയതായും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പത്രസമ്മേളനത്തിൽ അറിയിച്ചു.സെപ്റ്റംബർ മാസം പേവിഷ പ്രതിരോധ മാസമായാണ് ആചരിക്കുന്നത്.മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽവാർഡ് തലത്തിൽ ക്യാംപുകൾ സംഘടിപ്പിച്ച് വളർത്തു നായ്ക്കൾക്ക് റാബീസ് ഫ്രീ കേരള പദ്ധതി പ്രകാരം പ്രതിരോധകുത്തിവെയ്പ്പ് നടത്തി വരികയാണ്.

വളർത്തു നായ്ക്കൾക്ക് നിർബന്ധിത പേവിഷ പ്രതിരോധ കുത്തിവെപ്പും ലൈസൻസും നിർബന്ധമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിൻറെ കൈവശമുള്ള ആറുലക്ഷം ഡോസ് വാക്‌സിനുകൾ എല്ലാ മൃഗാശുപത്രികൾക്കും കൈമാറിയിട്ടുണ്ട്. ഇനിയും നാല് ലക്ഷത്തോളം വാക്‌സിനുകളാണ് ജില്ലകളിൽ നിന്നും ആവശ്യപ്പെട്ടിട്ടുള്ളത്. ഇവ വാങ്ങി നൽകുന്നതിന് നടപടികളാരംഭിച്ചു. സെപ്റ്റംബർ 30 ന് മുൻപ് ഈ പ്രവർത്തനം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ തെരുവ് നായ്ക്കൾക്കു പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ സെപ്റ്റംബർ 20 മുതൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഇതിനുവേണ്ടി 170 ഹോട്ട്‌സ്‌പോട്ടുകൾ മൃഗസംരക്ഷണവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സൗജന്യമായി വാക്‌സിൻ മൃഗസംരക്ഷണ വകുപ്പ് വിതരണം ചെയ്യും. ഡോഗ് ക്യാച്ചർമാർ, വാഹനം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കും. സംസ്ഥാന തലത്തിൽ നിലവിൽ 78 ഡോക്ടർമാരെ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പേർക്ക് വകുപ്പിൻറെ പരിശീലന കേന്ദ്രങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കുന്നതിന് പ്രാദേശികതലത്തിൽ ആനിമൽ ഷെൽട്ടർ ആ രംഭിക്കുന്നതിനും നടപടി സ്വീകരിച്ചു. തെരുവ് നായ്ക്കളെ വന്ധ്യംകരണം നടത്തുന്നതിന് കുടുംബശ്രീക്ക് കോടതി അനുമതി നിഷേധിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ അടിസ്ഥാന സൗകര്യമൊരുക്കി കൊണ്ടും കരാറടിസ്ഥാനത്തിൽ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയോഗിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കും.

ഓരോ എ ബി സി യൂണിറ്റിലെയും പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകൾ മുനിസിപ്പാലിറ്റികൾ കോർപ്പറേഷനുകൾ എന്നിവ തങ്ങളുടെ പ്രദേശത്തെ തെരുവുനായ്ക്കളുടെ എണ്ണത്തിനനുസരിച്ചുള്ള തുക പദ്ധതിയിലുൾപ്പെടുത്തി പ്രോജക്റ്റ് സമർപ്പിക്കേണ്ടതാണ്. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് എ ബി സി ഡോഗ് റൂൾ നിയമപ്രകാരമുള്ള ഒരു മോണിറ്ററിംഗ് സമിതി ഓരോ എ ബി സി യൂണിറ്റിലും പ്രവർത്തിക്കും. സംസ്ഥാനത്ത് 37 എ ബി സി സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ നിലവിൽ സ്വീകരിച്ചിട്ടുണ്ട്.രണ്ട് ബ്ലോക്കുകൾക്ക് ഒരു എ ബി സി കേന്ദ്രം എന്ന നിലയിൽ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ഗവൺമെൻറ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 340 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എ ബി സി ചെയ്യുന്നതിനായി 7.7 കോടിയോളം രൂപ മാറ്റി വെച്ചിട്ടുണ്ട് കൂടുതൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ പദ്ധതി ഏറ്റെടുക്കുന്നതിനാവശ്യമായ നിർദ്ദേശം നൽകുന്നതിന് ജില്ലാ ആസൂത്രണ സമിതി ചെയർമാൻമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Related posts

മാഹി തിരുനാൾ: 14നും 15നും ഗതാഗത നിയന്ത്രണം*

Aswathi Kottiyoor

അടുത്ത അധ്യയന വർഷം പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടുത്തും: മന്ത്രി വി. ശിവൻകുട്ടി –

Aswathi Kottiyoor

ഓരോ കുട്ടിയിലും ശാസ്ത്രാവബോധം വളർത്തുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന്‌ വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor
WordPress Image Lightbox