ആക്രമണകാരികളായ നായ്ക്കളില്‍നിന്നു പൗരന്മാരെ സംരക്ഷിക്കാനും ഇത്തരം നായ്ക്കളെ കണ്ടെത്തി പൊതുസ്ഥലങ്ങളില്‍നിന്നു മാറ്റാനും സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു ഹൈക്കോടതി. തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിച്ച സാഹചര്യത്തില്‍ ഇവയെ അനാവശ്യമായി ഉപദ്രവിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി മുഖേന സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
കേരളത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണം പെരുകിയെന്ന വിവിധ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഇന്നലെ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം പരിഗണിച്ചത്. പ്രശ്നപരിഹാരത്തിനു ചില തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും ഇതുസംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാമെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ എജി അശോക്. എം. ചെറിയാന് അറിയിച്ചു. ഹര്‍ജി നാളത്തേക്കു മാറ്റി.
തെരുവുനായ്ക്കളെ അനധികൃതമായി കൊന്നൊടുക്കുന്ന സംഭവങ്ങളുണ്ടായെന്ന് ഹര്‍ജിയില്‍ അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ഇതുകൂടി കണക്കിലെടുത്താണ് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നല്‍കിയത്.
തൃക്കാക്കരയില്‍ തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാന്‍ കഴിയുന്ന മേഖലകള്‍ നഗരസഭ കണ്ടെത്തണം. തദ്ദേശഭരണ മേഖലകളില്‍ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള നടപടിയെടുക്കാനുള്ള സൗകര്യങ്ങള്‍ സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് വിലയിരുത്തണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതും രാത്രിയില്‍ അടിയന്തര സേവനം നല്‍കുന്നതുമായ വെറ്ററിനറി ക്ലിനിക്കുകളുടെ വിവരങ്ങളും ഫോണ്‍ നമ്പറും ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
തെരുവുനായ്ക്കള്‍ പെരുകുന്നതു നിയന്ത്രിക്കാനും ഇവയ്ക്ക് മതിയായ വാക്സിനുകള്‍ നല്‍കാനുമുള്ള നടപടികള്‍ നിരീക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.